നിയമസഭാ തെരഞ്ഞെടുപ്പിന് കർശന കോവിഡ് മാനദണ്ഡം: കളക്ടർ

10

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സ്ഥാനാർഥികളും രാഷ്ട്രീയ കക്ഷികളും പൂർണ സഹകരണം നൽകണമെന്നും കളക്ടർ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഒരു പോളിങ് ബൂത്തിൽ 1000 സമ്മതിദായകർ മാത്രമാകും വോട്ട് രേഖപ്പെടുത്തുകയെന്നു കളക്ടർ പറഞ്ഞു. ഇതനുസരിച്ച് ജില്ലയിൽ 4164 പോളിങ് ബൂത്തുകൾ ഇത്തവണ സജ്ജമാക്കും. 80 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ, നിരീക്ഷണത്തിലുള്ളവർ ന്നെിവർക്കു പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്താൻ അവസരം നൽകും.

നാമനിർദേശ പത്രികാ സമർപ്പണം, തെരഞ്ഞെടുപ്പ് പ്രചാരണം, പോസ്റ്റൽ ബാലറ്റ് വിതരണം തുടങ്ങിയവയ്ക്കു കർശന കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണം. നാമനിർദേശ പത്രികാ സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ടു പേരെ മാത്രമേ അനുവദിക്കൂ. പത്രികാ സമർപ്പണത്തിന് എത്തുമ്പോൾ രണ്ടു വാഹനങ്ങളിൽ കൂടുതൽ പാടില്ല. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി റിട്ടേണിങ് ഓഫിസർമാരുടെ മുറികളിൽ ആവശ്യത്തിന് സ്ഥലസൗകര്യം ഏർപ്പെടുത്തണം. തെർമൽ സ്‌കാനിങ് അടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയ ശേഷമാകും പത്രികാ സമർപ്പണത്തിനായി റിട്ടേണിങ് ഓഫിസർമാരുടെ മുറികളിലേക്കു പ്രവേശിപ്പിക്കൂ. മാസ്‌ക്, ഗ്ലൗസ്, ഫെയ്‌സ് ഷീൽഡ് എന്നിവ സ്ഥാനാർഥിയും ഒപ്പമെത്തുന്നവരും നിർബന്ധമായും ധരിച്ചിരിക്കണം. റിട്ടേണിങ് ഓഫിസർമാർ, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ എൻ95 മാസ്‌ക്, ഫെയ്‌സ് ഷീൽഡ് എന്നിവ ധരിച്ചിരിക്കണം.

പരസ്യ പ്രചാരണത്തിലും കർശന കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമാണെന്നു കളക്ടർ പറഞ്ഞു. വീടുകൾ കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരിൽ കൂടുതൽ പാടില്ല. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്കു പരമാവധി അഞ്ചു വാഹനങ്ങൾ മാത്രമേ പാടുള്ളൂ. 30 മിനിറ്റ് ഇടവേളയിൽ മാത്രമേ റോഡ് ഷോ അനുവദിക്കൂ.

വലിയ പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ മുൻകൂട്ടി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറെ അറിയിക്കണം. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി സാമൂഹിക അകലം, പ്രവേശന കവാടങ്ങൾ, പുറത്തേക്കുള്ള വഴി തുടങ്ങിയ കൃത്യമായി അടയാളപ്പെടുത്തണം. യോഗങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക്, സാനിറ്റൈസർ, തെർമൽ സ്‌കാനിങ് തുടങ്ങിയവ നിർബന്ധമായും ഉപയോഗിച്ചിരിക്കണം. യോഗങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതു എന്നതു കർശന നിരീക്ഷണത്തിനു വിധേയമാക്കും.

ജില്ലയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനു പ്രത്യേക ടീമിനെ രൂപീകരിക്കുമെന്നും കളക്ടർ പറഞ്ഞു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറുടെ അധ്യക്ഷതയിൽ രൂപീകരിക്കുന്ന ടീമിൽ ജില്ലാ മെഡിക്കൽ ഓഫിസർ, ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, ജില്ലാ ഡ്രഗ്‌സ് വെയർഹൗസ് മാനേജർമാർ തുടങ്ങിയവർ അംഗമായിരിക്കും. ഇതിനു പുറമേ റിട്ടേണിങ് ഓഫിസർ അധ്യക്ഷനായി നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും പ്രത്യേക ടീം രൂപീകരിക്കുമെന്നു കളക്ടർ പറഞ്ഞു. ഡി.സി.പി ഡോ. വൈഭവ് സക്‌സേന, റൂറൽ ജില്ലാ പോലീസ് മേധാവിപി.കെ മധു, എ.ഡി.എം ടി. ജി ഗോപകുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ടി.ആർ അഹമ്മദ് കബീർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS