തെരുവുനായ ആക്രമണം : ചികിത്സയിലായിരുന്ന വൃദ്ധന്‍ മരിച്ചു

255

തിരുവനന്തപുരം: വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കവേ നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ തൊണ്ണൂറുകാരന്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വര്‍ക്കല സ്വദേശി മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് രാഘവനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന വൃദ്ധനെ ആറു നായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചതായാണ് വിവരം. അയല്‍വാസിയായ സ്ത്രീയാണ് സംഭവം കണ്ടത്. സര്‍ജിക്കല്‍ ഐസിയുവില്‍ വെന്റിലേറ്ററിലായിരുന്ന രാഘവന്‍ ഉച്ചയ്ക്ക് 2.55 ഓടെയാണ് മരിച്ചത്. നായ്ക്കൂട്ടം കടിച്ചുകീറിയ രാഘവന്റെ മുഖം, തല, കാല് തുടങ്ങിയ ഭാഗത്തെല്ലാം ആഴത്തില്‍ മുറിവേറ്റിരുന്നു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിന്നാണ് രാഘവനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവയ്പ്പുകള്‍ എടുത്ത ശേഷം അത്യാഹിത വിഭാഗത്തില്‍ അടിയന്തിര ചികിത്സ നല്‍കി. അതിനുശേഷവും നില കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന് രാഘവനെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റി. അമിതമായി രക്തം നഷ്ടപ്പെട്ടതിനാല്‍ ഒരു കുപ്പി രക്തം നല്‍കി. ഉച്ചയ്ക്ക് 1.20ന് ഹൃദയാഘാതം ഉണ്ടായെങ്കിലും അത് തരണം ചെയ്തു. ഉച്ചയ്ക്ക് 2.30ന് രണ്ടാമതും ഹൃദയാഘാതമുണ്ടായി. ജീവന്‍രക്ഷാ മരുന്നുകളുടെ സഹായത്തോടെ മികച്ച ചികിത്സ നല്‍കിയിരുന്നെങ്കിലും ഉച്ചയ്ക്ക് 2.55 ന് മരണമടയുകയായിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.ചെല്ലമ്മയാണ് രാഘവന്റെ ഭാര്യ. മക്കള്‍: സുഷമ, ശോഭന, മുരളി, അമ്മിണി. മുരളിയുടെ വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുമ്ബോഴാണ് രാഘവനെ നായ്ക്കൂട്ടം കടിച്ചുകീറിയത്.
തിരുവനന്തപുരം പുല്ലുവിളയില്‍ ഏതാനും നാളുകള്‍ക്ക് മുമ്ബ് തെരുവുനായ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY