തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയുടെ ബി.ടെക്. പരീക്ഷയില്‍ അദാലത്തിലൂടെ മാര്‍ക്കുകൂട്ടി നല്‍കാന്‍ അപേക്ഷനല്‍കിയ വിദ്യാര്‍ഥിനി മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയുെട അയല്‍ക്കാരി. മാര്‍ക്ക് കൂട്ടി നല്‍കാന്‍ തീരുമാനിച്ച സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ബന്ധുകൂടിയാണ് കായംകുളം സ്വദേശിയായ ഈ കുട്ടി.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിന്‍ഡിക്കേറ്റംഗവും ചേര്‍ന്നാണ് അദാലത്തില്‍ മാര്‍ക്ക് കൂട്ടിനല്‍കാന്‍ മുന്‍കൈ എടുത്തതെന്ന ആരോപണത്തിനിടെയാണ് ഈ വിവരം പുറത്തുവരുന്നത്. സര്‍വകലാശാലകള്‍ നടത്തുന്ന അദാലത്തുകളില്‍ അക്കാദമിക് കാര്യങ്ങളില്‍ തീരുമാനമെടുക്കാനാകില്ല. ഒരു വിഷയത്തിന് തോറ്റവര്‍ക്ക് മാര്‍ക്ക് കൂട്ടി നല്‍കാനുള്ള അദാലത്തിന്റെ തീരുമാനം വി.സി. അംഗീകരിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, അദാലത്തില്‍ മാര്‍ക്ക് കൂട്ടികൊടുത്തില്ലെന്ന വാദമാണ് വി.സി. ഉന്നയിച്ചത്.