കൊച്ചി: ചെന്നൈ മറീന ബീച്ചിലെ തൊഴിലാളി വിജയം എന്ന വെങ്കല ശില്പത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട കലാവിദ്യാര്‍ഥികള്‍ കൊച്ചി-മുസിരിസ് ബിനാലെയില്‍ സൃഷ്ടിച്ചത് ട്രയംഫ് ഓഫ് ലേബര്‍ എന്ന ശില്പ സമുച്ചയം. ഇന്ത്യയിലെ ആദ്യ മെയ്ദിന റാലി നടന്നത് ചെന്നൈയിലെ മറീന ബീച്ചിനു സമീപമായിരുന്നു. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വിഖ്യാത ശില്‍പി ദേവി പ്രസാദ് റോയി ചൗധരി മറീന ബീച്ചില്‍ തൊഴിലാളി വിജയം എന്ന വെങ്കല ശില്‍പം നിര്‍മ്മിച്ചത്. അന്നത്തെ മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്‌റ്റെന്ന കലാലയത്തിന്റെ മേധാവിയായിരുന്നു അദ്ദേഹം. അവിടുത്തെ പാറാവുകാരനും വിദ്യാര്‍ത്ഥികളുമൊക്കെയാണ് ഈ ശില്‍പം നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന്റെ മോഡലുകളായി പ്രവര്‍ത്തിച്ചത്.
ഈ സ്മരണയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് കൊച്ചി-മുസിരിസ് ബിനാലെയ്‌ക്കൊപ്പം നടക്കുന്ന സ്റ്റുഡന്റ്‌സ് ബിനാലെയില്‍ അവതരിപ്പിച്ചിരിക്കുന്ന ട്രയംഫ് ഓഫ് ലേബര്‍ എന്ന സൃഷ്ടികള്‍. മട്ടാഞ്ചേരി ജ്യൂടൗണിലെ അനുഭൂതി ഗാലറിയുടെ ഒന്നാം നിലയിലാണ് ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നിഗൂഢതയില്‍ നിന്നാണ് ഈ സൃഷ്ടികള്‍ക്കുള്ള ആശയം കിട്ടിയതെന്ന് സ്റ്റുഡന്റ്‌സ് ബിനാലെയുടെ ക്യൂറേറ്ററായ സി.പി കൃഷ്ണപ്രിയ പറഞ്ഞു. സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് പിന്നീട് തമിഴ്‌നാട് ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് എന്നാക്കി മാറ്റി. ഈ കാമ്പസിനുള്ളില്‍ ഒരു പഴയ മ്യൂസിയം നിലനില്‍ക്കുന്നുണ്ട്. പതിറ്റാണ്ടുകളായി അടഞ്ഞു കിടക്കുകയായിരുന്ന ഈ മ്യൂസിയത്തെ ചുറ്റിപ്പറ്റി നിരവധി കഥകളും അവിടെ നിലനിന്നിരുന്നു. നിഗൂഢതകള്‍ നിറഞ്ഞ ഒഴിഞ്ഞു കിടക്കുന്ന ആയിടത്തില്‍ എന്ത് സൃഷ്ടികള്‍ നടത്തുമെന്ന ചിന്തയില്‍ നിന്നാണ് ശ്രദ്ധേയമായ പ്രമേയം കൈവന്നതെന്ന് കൃഷ്ണപ്രിയ പറഞ്ഞു.
ചെന്നൈ ക്യാമ്പസില്‍ നിന്നും 17 വിദ്യാര്‍ത്ഥികളും കുംഭകോണത്തെ ക്യാമ്പസില്‍ നിന്ന് 18 വിദ്യാര്‍ത്ഥികളുമാണ് ഈ സൃഷ്ടികളില്‍ പങ്കെടുത്തത്. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെല്ലാം കരകൗശല വ്യവസായവുമായി ബന്ധമുള്ളവരായിരുന്നു എന്ന് കൃഷ്ണപ്രിയ ഓര്‍ക്കുന്നു. കുടില്‍ വ്യവസായത്തിന്റെ പശ്ചാത്തലത്തില്‍നിന്ന് എത്തിയവരായതിനാല്‍ ഈ പ്രമേയത്തോട് അവര്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടായി എന്നും അവര്‍ അഭിപ്രായപ്പെട്ടു. പല തരത്തിലാണ് സൃഷ്ടികള്‍. ഒരിടത്ത് തൊഴിലാളികള്‍ക്കായുള്ള യൂണിഫോമുകളാണെങ്കില്‍ മറ്റൊരിടത്ത് വിയര്‍പ്പുതുള്ളികള്‍ ചെറിയ കുപ്പികളില്‍ സ്വരുക്കൂട്ടിയിരിക്കുന്നു. നെയ്ത്ത്, ഓലമെടയല്‍, ഇഷ്ടിക നിര്‍മ്മാണം എന്നിവയെല്ലാം ഈ സൃഷ്ടികളെ സമ്പന്നമാക്കുന്നുണ്ട്. ഫൈന്‍ ആര്‍ട്‌സ് കോളേജിലെ പൈതൃക മന്ദിരം മുഴുവന്‍ ചുടുകട്ടയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവിടുത്തെ ചുടുകട്ടയുടെ മാതൃക ഇവിടെ പുന: സൃഷ്ടിച്ചിട്ടുണ്ട്. ഇഷ്ടികയുടെ അച്ച് റബറില്‍ നിര്‍മ്മിച്ചാണ് അത് പുന:സൃഷ്ടിച്ചത്.
മട്ടാഞ്ചേരിയിലെ ബസാര്‍ റോഡിലും ജ്യൂടൗണിലുമായി ഏഴ് വേദികളിലായാണ് സ്റ്റുഡന്റ്‌സ ബിനാലെ പ്രദര്‍ശനം. രാജ്യത്തിലെ 55 സര്‍ക്കാര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ നിന്നായി 455 വിദ്യാര്‍ത്ഥികളാണ് ഇതില്‍ പങ്കെടുക്കുന്നത്. ഇവരുടെ സൃഷ്ടികള്‍ ഏകോപിപ്പിക്കുന്നതിനായി മുതിര്‍ന്ന വിദ്യാര്‍ത്ഥികളായ 15 ക്യൂറേറ്റര്‍മാരും ഉണ്ടായിരുന്നു.