എഞ്ചിനീയറിംഗ് മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർഥികൾക്കാകണം- മുഖ്യമന്ത്രി പിണറായി വിജയൻ

128

തിരുവനന്തപുരം : കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ എൺപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി
എഞ്ചിനീയറിംഗ് മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർഥികൾക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാർഥികളുടെ സാങ്കേതിക നൈപുണ്യം മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ എൺപതാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യാഭ്യാസ മേഖല കാലാനുസൃതമാക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കും. ഇതിൽ സർക്കാർ പ്രധാനശ്രദ്ധ നൽകുക ഗവേണത്തിനാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള പൊതുവിജ്ഞാനവും ലോകോത്തര നൈപുണ്യവും എത്തിക്കാനാണ് ശ്രമിക്കുന്നത്. പ്രൊഫഷണൽ രംഗത്ത് തിളങ്ങാൻ കുറുക്കുവഴികളില്ല.
എഞ്ചിനീയറിംഗ് രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് അക്കാദമികരംഗത്ത് മാറ്റം വരണം. പരീക്ഷാകേന്ദ്രീകൃതമാകാതെ നിമിഷംതോറും മാറുന്ന പുതിയ അറിവുകൾക്കനുസരിച്ച് നവീനമായ വിജ്ഞാനങ്ങൾ കൂടി ഉൾപ്പെടുത്തണം.

സിലബസിന്റെ ചിട്ടവട്ടങ്ങൾക്കപ്പുറം വിശാലമായ വീക്ഷണം ഉണ്ടാകണം. പഠിക്കുന്ന വിഷയത്തെപ്പറ്റി സമഗ്രമായ അറിവ് വിദ്യാർഥികളിൽ സൃഷ്ടിക്കാൻ അധ്യാപകരുടെ ശ്രമമുണ്ടാകണം. പരമ്പരാഗതരീതിയിലെ നല്ല വശങ്ങൾ സ്വാംശീകരിക്കുന്നതിനൊപ്പം ആധുനിക കാലത്തിനനുസൃതമായ അറിവുകൊണ്ട് സ്വയം നവീകരിക്കാൻ അധ്യാപകർ ശ്രദ്ധിക്കണം. അധ്യാപക സമൂഹത്തിന്റെ ഇത്തരം ശ്രമങ്ങൾക്ക് സർക്കാർ പിന്തുണയുണ്ടാകും.

4000 പേരോളം പഠിക്കുന്ന കോളേജിൽ ഒരു സീസണിൽ 1000 പേർക്ക് കാമ്പസ് റിക്രൂട്ട്‌മെൻറ് ലഭിക്കുന്നത് എഞ്ചിനീയറിംഗ് കോളേജിന് അഭിമാനാർഹമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയതലത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ഫ്രെയിംവർക്കിൽ 70 ാം റാങ്ക് എന്നുള്ളത് 25 ാം റാങ്കിനകത്താക്കാൻ എഞ്ചിനീയറിംഗ് കോളേജിന് കഴിയണം. കേരള പുനർനിർണമാണത്തിൽ എഞ്ചിനീയർമാരുടെ സേവനവും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ക്രിയാത്മകമായ മാറ്റങ്ങൾക്കാണ് സർക്കാർ തുടക്കമിട്ടിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. കെ.ടി. ജലീൽ പറഞ്ഞു. പാഠ്യേതര മേഖലയിൽ മികവ് ലഭിക്കുന്നവർക്ക് ഇനി ഗ്രേസ് മാർക്ക് നൽകുന്ന നില വരും. മൂല്യനിർണയം കുറ്റമറ്റ രീതിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. രജിസ്ട്രാർമാർക്കും കൺട്രോളർ ഓഫ് എക്‌സാമിനേഷൻസിനും ഫിനാൻസ് ഓഫീസർമാർക്കും നിശ്ചിത കാലാവധി നിർണയിച്ചതായും അദ്ദേഹം പറഞ്ഞു.

എഞ്ചിനീയറിംഗ് കോളേജ് അങ്കണത്തിൽ വംശനാശ ഭീഷണിയുള്ള 80 സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയായ ‘ഹരിതാങ്കണം’ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യാ വികാസത്തിനിടെ നാം പ്രകൃതിയെ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിരവികസനം യാഥാർഥ്യമാക്കാൻ വരുംതലമുറയ്ക്ക് പ്രകൃതിയെ അറിയാൻ പഠനകാലത്ത് തന്നെ കഴിയണം. അതിന് കലാലയങ്ങളിൽ സൗകര്യമുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. സി.വി. ജിജി, കൗൺസിലർ അലത്തറ അനിൽകുമാർ, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ അഞ്്ജുരാധ്. ടി.ആർ, പി.ടി.എ വൈസ് പ്രസിഡൻറ് കെ.ടി. ബാലഭാസ്‌കരൻ, പൂർവവിദ്യാർഥി സംഘടന വൈസ് പ്രസിഡൻറ് കെ.പി. കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.പി. ഇന്ദിരാദേവി സ്വാഗതവും ആഘോഷകമ്മിറ്റി സെക്രട്ടറി ഡോ. എൻ. അശോക് കുമാർ നന്ദിയും പറഞ്ഞു.

NO COMMENTS