മതനിരപേക്ഷത മുറുകെപ്പിടിക്കാൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങേണ്ട കാലഘട്ടമാണിതെന്നു നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ഭരണഘടനയും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും തകിടംമറിക്കാനുള്ള ശ്രമങ്ങൾക്കെതിരേ ശക്തമായ നിലപാടെടുക്കണ മെന്നും അദ്ദേഹം പറഞ്ഞു. സെന്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസും കേരള സർവകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത, ലഹരിക്കെതിരായ നോ ടു ഡ്രഗ്സ് ക്യാംപെ യിൻ എന്നീ വിഷയങ്ങളിലാണു സെമിനാർ നടക്കുന്നത്.
വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്നവരും വ്യത്യസ്ത ഭക്ഷണരീതി അവലംബിക്കുന്നവരുമെല്ലാം ചേരുന്നതാണ് ഇന്ത്യ. ഇതിൽനിന്നു മാറി ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു മതം എന്ന രീതിയിലേക്ക് കൊണ്ടു പോകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് ഭരണഘടനയ്ക്ക് എതിരാണ്. മതവിഭാഗങ്ങൾക്കിടയിൽ അരാജക ചിന്തകളുണ്ടാക്കാനുള്ള ശ്രമവും അപകടകരമാണ്. ഈ കാലഘട്ടത്തിൽ ഭരണഘടന മുറുകെപ്പിടിച്ച് കടുത്ത മതനിരപേക്ഷവാദിയായി മാറാൻ വിദ്യാർഥി കൾക്കു കഴിയണം.
ക്യാംപസുകളിലും വിദ്യാലയങ്ങളിലുമടക്കം പൊതുസമൂഹത്തിൽ ലഹരി ഉപയോഗം ശക്തിപ്പെടുന്നുണ്ട്. ലഹരിയിൽനിന്നു വിമുക്ത മായ തലമുറ നാടിന്റെ ഭാവിക്ക് അനിവാര്യമാണ്. ലഹരിക്കെതിരായ യുദ്ധമുഖത്ത് ജയം അനിവാര്യമാണ്. ഇതിനു വിദ്യാർഥി സമൂഹത്തിന്റെ വലിയ പിന്തുണയുണ്ടാകണം. ശാസ്ത്രം പുരോഗതി പ്രാപിക്കുന്ന ഘട്ടത്തിൽ അന്ധവിശ്വാസങ്ങളിലേക്കും അനാചാര ങ്ങളിലേക്കും നാടിനെ തിരിച്ചെകൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കെതിരേയും വിദ്യാർഥികളുടെ ഭാഗത്തുനിന്നു ശക്തമായ ചെറുത്തു നിൽപ്പുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റി സെനറ്റ് ചേംബറിൽ നടന്ന ചടങ്ങിൽ കേരള സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാർ, രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാർ, ഡോ. എസ്. വേണുമോഹൻ തുടങ്ങിയവർ പങ്കെടുത്തു.