സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർഥികൾ മാറി നിൽക്കരുത്

18

സാമൂഹിക മാറ്റത്തിന് ഉതകുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർഥികളും യുവജനങ്ങളും മാറി നിൽക്കരുതെന്ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ, പിന്നാക്ക ക്ഷേമ, പാർലമെന്ററികാര്യ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സംസ്ഥാനതല യൂത്ത് ആന്റ് മോഡൽ പാർലമെന്റ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാട് വിദ്യാർഥികൾക്കും യുവജനങ്ങൾക്കും പകർന്ന് നൽകുക എന്ന ഉദ്ദേശത്തിലാണ് യൂത്ത് ആന്റ് മോഡൽ പാർലമെന്റ് പോലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തുല്യതയാണ് നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്ന ഏറ്റവും വലിയ അവകാശം. ആ സുപ്രധാന അവകാശത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ യുവജനങ്ങൾക്ക് കഴിയണം. ജാതിയുടെയും തൊട്ടുകൂടായ്മയുടെയും അംശങ്ങൾ ഇപ്പോഴും നമ്മുടെയൊക്കെ മനസ്സിൽ ഉണ്ടെന്നതാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പറഞ്ഞത് ദാരിദ്ര്യം പൂർണമായി തുടച്ചുനീക്കിയാലല്ലാതെ നമുക്ക് സമ്പൂർണ സ്വാതന്ത്ര്യം കൈവരില്ല എന്നാണ്. ഏറ്റവും പുതിയ നീതി ആയോഗ് റിപ്പോർട്ട് അനുസരിച്ച് 52 ശതമാനം വരെ അതിദാരിദ്ര്യം ഉള്ള സംസ്ഥാനം സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ഇന്ത്യയിലുണ്ട്. എന്നാൽ കേരളത്തിലെ അതിദാരിദ്ര്യം 0.7 ശതമാനം മാത്രമാണ്.

പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പ്രവൃത്തിയിൽ ആണ് സംസ്ഥാനം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. അങ്ങനെയായാൽ നെഹ്‌റു വിഭാവനം ചെയ്ത സമ്പൂർണമായി സ്വാതന്ത്രം കിട്ടിയ നാടായി കേരളം മാറുമെന്ന് മന്ത്രി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളുടെ ഉത്തരവാദിത്തം എന്താണ് എന്ന് നാളത്തെ പൗരന്മാരെ പഠിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മതനിരപേക്ഷതയ്ക്ക് ഭീഷണി ഉയരുന്ന കാലത്ത് ബഹുസ്വരത സംരക്ഷിക്കുക എന്ന നിലയിൽ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകേണ്ടതുണ്ട്. കേവലം അഞ്ചു വർഷം കൂടുമ്പോൾ വരുന്ന ഒന്നായി മാത്രം തെരഞ്ഞെടുപ്പിനെ കാണരുതെന്ന് ചടങ്ങിൽ മുഖ്യാതിഥി ആയ കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. യൂത്ത് ആന്റ് മോഡൽ പാർലമെൻറിൽ കൂടുതൽ സ്ത്രീ പങ്കാളിത്തം പ്രകടമായതിൽ അഭിനന്ദനം അറിയിച്ച മന്ത്രി സംസ്ഥാന നിയമസഭയിലും കൂടുതൽ സ്ത്രീകൾ എത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി.

സംസ്ഥാനതല യൂത്ത് ആന്റ് മോഡൽ പാർലമെൻറ് മത്സരത്തിൽ സ്‌കൂൾ വിഭാഗത്തിൽ ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനം നേടി. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി.എച്ച്.എസ് രണ്ടാം സ്ഥാനവും കോഴിച്ചാൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനവും അടൂർ ഗവൺമെൻറ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ നാലാം സ്ഥാനവും നടുവണ്ണൂർ ഗവൺമെൻറ് ഹൈസ്‌കൂൾ അഞ്ചാം സ്ഥാനവും നേടി.

കോളജ് വിഭാഗത്തിൽ മലപ്പുറം ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്‌സ് എജുക്കേഷൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് രണ്ടാം സ്ഥാനവും കോട്ടയം ബസേലിയസ് കോളജ് മൂന്നാം സ്ഥാനവും എറണാകുളം മഹാരാജാസ് കോളജ് നാലാം സ്ഥാനവും തൃശൂർ കേരളവർമ കോളജ് അഞ്ചാം സ്ഥാനവും നേടി.

സ്‌കൂൾതലത്തിൽ ബെസ്റ്റ് കോർഡിനേറ്ററായി ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ സോനാ ജോൺ തെരഞ്ഞെടുക്കപ്പെട്ടു. കോളേജ് തലത്തിൽ മലപ്പുറം ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്‌സ് എഡൂക്കേഷനിലെ മുഹമ്മദ് മുസ്തഫ വി ആണ് ബെസ്റ്റ് കോഡിനേറ്റർ.

സ്‌കൂൾ വിഭാഗത്തിൽ ജാക്വലിനും (സെന്റ് മേരീസ് ജി.എച്ച്.എസ് കാഞ്ഞിരപ്പള്ളി) കോളജ് വിഭാഗത്തിൽ ഡോ. ബിജു തോമസും (ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്) രണ്ടാം സ്ഥാനം നേടി.

വിജയികൾക്ക് ട്രോഫിയും മെമന്റോയും ക്യാഷ് പ്രൈസും മന്ത്രിമാർ വിതരണം ചെയ്തു. ക്വിസ്, ഉപന്യാസ രചന, പ്രസംഗം തുടങ്ങിയ മത്സരങ്ങളിൽ സ്‌കൂൾ, കോളജ് തലത്തിലെ വിജയികൾക്കും സമ്മാനം വിതരണം ചെയ്തു. സ്‌കൂൾ തലത്തിലും കോളജ് തലത്തിലും ഒന്നാം സ്ഥാനം നേടിയ ടീമുകളുടെ റിപ്പീറ്റ് പെർഫോമൻസ് പഴയ നിയമസഭാ ഹാളിൽ രാവിലെ നടന്നു.

NO COMMENTS

LEAVE A REPLY