തിരുവനന്തപുരം: പ്രഥമ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് കവയത്രി സുഗതകുമാരിയ്ക്ക്. അന്തരിച്ച പ്രശസ്ത കവി ഒഎന്‍വി കുറുപ്പിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം ഒഎന്‍വിയുടെ ജന്‍മവാര്‍ഷിക ദിനമായ മെയ് 27 ന് തിരുവനന്തപുരത്തുവെച്ച് സമ്മാനിക്കും. ഒഎന്‍വി യുവസാഹിത്യ പുരസ്‌കാരത്തിന് ആര്യാ ഗോപിയും സുമേഷ് കൃഷ്ണനും അര്‍ഹരായി. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരമാണ് സുഗതകുമാരിക്ക് ലഭിക്കുക. മലയാള സാഹിത്യത്തിന് നല്‍കുന്ന സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് സുഗതകുമാരിക്ക് അവാര്‍ഡ് നല്‍കുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആര്യാ ഗോപിയുടെ അവസാനത്തെ മനുഷ്യന്‍, സുമേഷ് കൃഷ്ണന്റെ രുദ്രാക്ഷം എന്നീ കൃതികളാണ് യുവസാഹിത്യ പുരസ്‌കാരം പങ്കിട്ടത്. പുരസ്‌കാരത്തുകയായ 50,000 രൂപ ഇരുവര്‍ക്കും വീതിച്ച് നല്‍കും. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മലയാളത്തിലേയും മറ്റ് ഭാഷകളിലേയും മികച്ച കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുക.