ഒരുകോടി വിരലുകൾ കൊതിയോടെ,
പിന്നെയും ചൊരിമണലിലെഴുതുന്നു
പ്രേമം ……….ടീച്ചർ എന്തിനെക്കുറിച്ചെഴുതിയാലും അതു കവിതയുമാണ്. എന്നും കവിതയുടെ തടവിൽ കിടക്കാൻ വിധിക്കപ്പെട്ട മനസ്.ആ തടവ് ഒരു അനുഗ്രഹമായി കരുതിയ മനസ്സ്. പച്ചപ്പ് നഷ്ടപ്പെടുന്ന പ്രകൃതിയെക്കുറിച്ച്, വെട്ടിത്തെളിക്കപ്പെടുന്ന കാടുകളെക്കുറിച്ച്, മഴു തിന്ന മാമരക്കൊമ്പുകളെ ക്കുറിച്ച്, പ്രകൃതി വാരിച്ചൊരിഞ്ഞ അനുഗ്രഹങ്ങളായ സൈലന്റ് വാലിയേയും അതിരപ്പിള്ളിയേയും കുറിച്ച്, പിച്ചിച്ചീന്ത പ്പെടുന്ന പെൺകുട്ടികളെക്കുറിച്ച്, തെരുവിലേക്കു വലിച്ചെറിയപ്പെടുന്ന വാർധക്യങ്ങളെക്കുറിച്ച്.അങ്ങനെ ഒരിക്കലും വറ്റാത്ത പുഴ പോലെയാണ് സുഗതകുമാരിടീച്ചറുടെ കവിത
പ്രണയവും കരുണയും ധീരതയും വിരഹവും പ്രകൃതിയും വേദനകളും എല്ലാം ഒരുമിപ്പിച്ച അവരുടെ കാവ്യലോകം മലയാള സാഹിത്യത്തിന്റെ ഏറ്റവും സമ്ബന്നമായ സുകൃത കാലമാണ്. ടീച്ചറുടെ കവിതയും ജീവിതവും കരുണനിറഞ്ഞ ഭാവങ്ങളും വ്യത്യസ്തമായിരുന്നില്ല. കവിതയിലെ കരുണയെ ജീവിതത്തിലേക്ക് വിന്യസിപ്പിച്ച മണ്ണില്‍നിന്ന് കാവ്യലോക ത്തേക്ക് സഞ്ചരിച്ച ഒരു കവയിത്രിയായിരുന്നു സുഗതകുമാരി ടീച്ചര്‍. അവര്‍ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും എല്ലാ കാലത്തും മലയാളത്തിന്റെ പൊതു സമൂഹത്തില്‍ ശ്രദ്ധേയമായ നിലയില്‍ ഉയര്‍ന്നു നില്‍ക്കുകതന്നെ ചെയ്യുന്നു .
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്നിന്ന് ബിരുദംനേടിയ ശേഷം 1955ല് തത്വചിന്തയില് ബിരുദാനന്തര ബിരുദം. ഇന്ത്യന് തത്വചിന്തയില് മോക്ഷം എന്ന സങ്കല്പത്തെക്കുറിച്ച് താരതമ്യ പഠനത്തില് മൂന്നു വര്ഷം ഗവേഷണം നടത്തിയെങ്കിലുംപൂര്ത്തിയാക്കിയില്ല.
1975ലാണ് ആദ്യ കവിത പുറത്തുവന്നത്. വ്യാജ പേരിലെഴുതിയ അത് ശ്രദ്ധ നേടി. തുടര്ന്ന് മലയാള കവിതയില് സുഗതകുമാരി കവിതയുടെ പര്യായമായി. ‘പാതിരാപ്പൂക്കള്’ക്ക് 68ല് സാഹിത്യ അക്കാദമി, ‘രാത്രിമഴ’ 78ല് കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡുകള്ക്ക് അര്ഹമായി. പാവം മാനവഹൃദയം, മുത്തുച്ചിപ്പി, ഇരുള്ച്ചിറകുകള്, സ്വപ്നഭൂമി, അമ്ബലമണി, മണലെഴുത്ത്, കൃഷ്ണകവിതകള്, രാധയെവിടെ, കുറിഞ്ഞിപ്പൂക്കള്, തുലാവര്ഷപ്പച്ച തുടങ്ങി മുപ്പതോളം കാവ്യസമാഹാരങ്ങളും നിരവധി ഗദ്യ രചനകളും കവി മലയാളത്തിന് സമ്മാനിച്ചു.
ആദ്യകാല കവിതകള് സ്നേഹത്തിനുവേണ്ടിയുള്ള ദുരന്താത്മക അന്വേഷണമായിരുന്നു. ഭാവഗീത പ്രധാനമായ ആ ഘട്ടത്തില്നിന്നും സാമൂഹ്യ തിന്മകള്ക്കും അനീതിക്കുമെതിരായ പ്രതികരണങ്ങളായി കവിത ഭാവാന്തരപ്പെട്ടു. പാരിസ്ഥിതിക പ്രശ്നങ്ങളും സമകാലിക സ്ഥിതികളും അവയില് വിഷയമായി. പ്രതികരണക്ഷമതയും തത്വചിന്താപരമായ ഉള്ക്കാഴ്ചയും നിറഞ്ഞതായിരുന്നു പല രചനകളും. കാല്പനിക ഭാവഗീതിയ്ക്ക് പുതുജീവന് കൈവന്നു.
മരണശേഷം ഒരു പൂവും ദേഹത്തുവെക്കരുതെന്നും പൊതുദര്‍ശനങ്ങള്‍, അനുശോചനയോഗങ്ങള്‍, സ്മാരക പ്രഭാഷണങ്ങള്‍ എന്നിവയും താന്‍ മരിക്കുമ്ബോള്‍ നടത്തരുതെന്ന് ടീച്ചർ പറഞ്ഞിരുന്നു. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയും വേഗം വീട്ടില്‍ക്കൊണ്ടു വരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്തിന് തന്നെ ദഹിപ്പിക്കണം. ആരേയും കാത്തിരിക്കരുത്. പൊലീസുകാര്‍ ചുറ്റും നിന്ന് ആചാരവെടി മുഴക്കരുത്’- സുഗത കുമാരി പറഞ്ഞിരുന്നു. ശാന്തികവാടത്തില്‍നിന്നും കിട്ടുന്ന ഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കണമെന്ന് മാത്രാമാണ് ആവശ്യം.
സംസ്കാരം വൈകിട്ട് നാലിന് തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഒൗദ്യോഗിക ബഹുമതികളോടെയാവും സംസ്കാര ചടങ്ങുകള്‍ നടക്കുക. പൊതുദര്‍ശനമുണ്ടാകില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇപ്പോള്‍ ഭൗതിക ശരീരം ഇപ്പോഴുള്ളത്. മൂന്നരയോടെ ശാന്തി കവാടത്തിലേക്ക് കൊണ്ടുപോകും.