തിരുവനന്തപുരം• മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ചികിത്സയിലായിരുന്ന ശാസ്താംകോട്ട സ്വദേശി കൃഷ്ണന്‍ കുട്ടിയെ (65) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് എസ്.എസ്.ബി. നാലാം വാര്‍ഡിന് സമീപമുള്ള ടോയ്‌ലറ്റില്‍ തുങ്ങിനില്‍ക്കുന്ന അവസ്ഥയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. ഉടനെ കൂട്ടിരുപ്പുകാരും ജീവനക്കാരും ചേര്‍ന്ന് ഡ്യൂട്ടി ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും മരണം നേരത്തെ തന്നെ നടന്നതായി കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ പോലീസിനെ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഭാര്യയായിരുന്നു അന്നേരം ആശുപത്രിയിലുണ്ടായിരുന്നത്. ക്യാന്‍സര്‍ ബാധിതനായിരുന്ന കൃഷ്ണന്‍ കുട്ടി മേയ് 9-ാം തീയതിയാണ് അഡ്മിറ്റായത്. വന്‍കുടലിനേയും കരളിനേയും ക്യാന്‍സര്‍ ബാധിച്ചിരുന്നു. വന്‍കുടലിനെ ബാധിച്ച ക്യാന്‍സര്‍ നീക്കം ചെയ്യുന്നതിനായി വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നതാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.