പാത്രിയാർക്കീസ് ബാവയ്ക്കുനേരെ ചാവേറാക്രമണം

187

ഡമാസ്കസ് ∙ സിറിയൻ ഓർത്തഡോക്സ് സഭാതലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ ജൻമനാട്ടിൽ ചാവേറാക്രമണത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. ചാവേറായി വന്ന ഭീകരനും സുരക്ഷാചുമതലയുള്ള സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു .കേരളത്തിലെ യാക്കോബായ സഭ ഉൾപ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാർക്കീസ് ബാവ.

പാത്രിയാർക്കീസ് ബാവയുടെ ജൻമനാടായ ഖാമിഷ്‌ലി ജില്ലയിലെ ഖാതിയിൽ 1915 ലെ സെയ്ഫോ കൂട്ടക്കൊലയിൽ മരിച്ചവരെ അനുസ്മരിക്കാൻ ചേർന്ന പ്രാർത്ഥനാ ചടങ്ങിനിടെയാണ് ആക്രമണം. കൊല്ലപ്പെട്ടവരുടെ സ്മാരകം ഉദ്ഘാടനം ചെയ്തശേഷം പ്രാർത്ഥനയ്ക്കു നേതൃത്വം നൽകുകയായിരുന്നു പാത്രിയീർക്കീസ് ബാവ. ശരീരത്തിൽ ബോംബുഘടിപ്പിച്ചെത്തിയ ചാവേറാണ് പാത്രിയാർക്കീസ് ബാവയെ വധിക്കാൻ ശ്രമിച്ചത്. ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന ചെറുത്തു നിന്നതുകൊണ്ടാണ് ചാവേറിന് അദ്ദേഹത്തിന്റെ അടുത്തെത്താൻ കഴിയാതിരുന്നത്. ലക്ഷ്യത്തിലെത്തും മുൻപു തന്നെ ചാവേർ പൊട്ടിത്തെറിച്ചു മരിച്ചു. സുതുറോയിലെ ഒരംഗവും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. എട്ടു പേർക്കു ഗുരുതരമായും പരുക്കേറ്റു. പാത്രിയാർക്കീസ് ബാവയ്ക്കു പരുക്കില്ല. വടക്കു കിഴക്കൻ സിറയയിൽ ജനാധിപത്യ ഭരണകൂടത്തെ പിൻതുണയ്ക്കുന്നവരാണ് സുരക്ഷാസേനയിലുള്ളവർ. കുർദ്–അറബ് സേനയുമായും ഇവർ സഹകരിച്ചാണു പ്രവർത്തിക്കുന്നത്. സംഭവത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ സേനയെ മേഖലയിലേക്ക് അയക്കണമെന്ന് സഭാ നേതൃത്വം അഭ്യർത്ഥിച്ചു.

വടക്ക് കിഴക്കൻ സിറിയയിൽ ധാരാളം പള്ളികളുള്ള മേഖലയാണ് ഖാമിഷ്‍ലി. നൂറു വർഷം മുൻപു ഓട്ടോമൻ ഭരണകാലത്തു പതിനായിരക്കണക്കിനു ക്രിസ്ത്യാനികൾ ഇവിടെ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. സെയ്ഫോ കൂട്ടക്കൊലയെന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ കൊല്ലപ്പെട്ടവരെ സഭ വിശുദ്ധൻമാരായാണു കണക്കാക്കുന്നത്. ഇതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു നിർമിച്ച സ്മാരകം ഉദ്ഘാടനംചെയ്യാനും പ്രാർത്ഥനയ്ക്കുമായാണ് പാത്രിയാർക്കീസ് ബാവ എത്തിയത്. 2014 മേയ് 29ന് 123–ാമത്തെ പാത്രിയർക്കീസായി സ്ഥാനമേറ്റ പാത്രിയാർക്കീസ് ബാവ കഴിഞ്ഞവർഷം ഫെബ്രുവരി ഏഴിനു കേരള സന്ദർശനത്തിനുമെത്തിയിരുന്നു.

കഴിഞ്ഞവർഷവും ഡമാസ്കസിൽ സെയ്ഫോ കൂട്ടക്കൊലയിൽ മരിച്ചവരുടെ സ്മാരകത്തിനു സമീപം സ്ഫോടനം നടന്നിരുന്നു. യാക്കോബായ സഭ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയും എപ്പിക്സോപ്പൽ സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസും അന്നു സ്ഥലത്തുണ്ടായിരുന്നു. പാത്രിയർക്കീസ് ബാവയുടെ അരമനയോടു ചേർന്നുള്ള ഒട്ടേറെ കെട്ടിടങ്ങൾ ബോംബ് സ്ഫോടനത്തിൽ മുൻപു തകർന്നിട്ടുണ്ട്. ഐഎസ് ഭീകരരും നിലവിലുള്ള സർക്കാരിനെതിരെ പ്രവർത്തിക്കുന്നവരും ഏറെയുള്ള മേഖലയാണ് സ്ഫോടനം നടന്ന സ്ഥലം.

ആലപ്പോ ആർച്ച് ബിഷപ്പും മലങ്കര സഭാതർക്ക പരിഹാരത്തിനായി പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധിയായി രണ്ടുവട്ടം കേരളം സന്ദർശിച്ചിട്ടുള്ളയാളുമായ ഇബ്രാഹിം യൂഹാനോൻ മാർ ഗ്രിഗോറിയോസ്, ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ആലപ്പോ ബിഷപ്പ് പൗലോസ് യാസാജ് എന്നിവരെ 2013ൽ സിറിയയിൽ തട്ടിക്കൊണ്ടുപോയിരുന്നു. മൂന്നു വർഷമായിട്ടും ഇവരെക്കുറിച്ചു വിവരമില്ല. ഇന്നലെ സ്ഫോടനം നടന്ന സ്ഥലത്തെ ബിഷപ്പ് മത്ത റോഹേം ഭീകകരുടെ അക്രമണത്തെ തുടർന്നു ഭദ്രാസനം വിട്ട് യൂറോപ്പിൽ അഭയം തേടിയിരിക്കുകയാണ്. പ്രദേശത്തെ ക്രിസ്ത്യാനികൾ ഇതോടെ ചിതറിപ്പോയിരുന്നു. പുതിയ പാത്രിയർക്കീസ് ബാവ സ്ഥാനമേറ്റ ശേഷം മൂന്നു തവണ ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്.
courtsy : Manorama online

NO COMMENTS

LEAVE A REPLY