പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷം ഗൃഹനാഥൻ ജീവനൊടുക്കി ; മരുമകളെ ശല്യം ചെയ്തയാൾക്ക് എതിരെ പരാതി നൽകിയതിന് പൊലീസ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നാണ് ആത്മഹത്യ കുറിപ്പ്

225

ആലപ്പുഴ ∙ പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷം ഗൃഹനാഥൻ ജീവനൊടുക്കി. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി കൃഷ്ണകുമാറാണ് തൂങ്ങിമരിച്ചത്. മരുമകളെ ശല്യം ചെയ്തയാൾക്ക് എതിരെ പരാതി നൽകിയതിന് പൊലീസ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നാണ് ആത്മഹത്യ കുറിപ്പ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കായംകുളം ഡിവൈഎസ്പിക്ക് ആലപ്പുഴ എസ്പി നിർദേശം നൽകി.

മുഖ്യമന്ത്രിക്കും ബന്ധുക്കൾക്കും വെവ്വേറെ കത്തുകള്‍ എഴുതിവെച്ചാണ് കാര്‍ത്തികപ്പള്ളി സ്വദേശി കൃഷ്ണകുമാര്‍ തൂങ്ങിമരിച്ചത്. കത്തിലെ ആരോപണങ്ങള്‍ ഇവയാണ്. മരുമകളെ പ്രദേശവാസിയായ ഉണ്ണി ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്തിരുന്നു. ഇതിന്റെ പരാതി തൃക്കുന്നപ്പുഴ പൊലീസില്‍ നല്‍കി. എന്നാല്‍ അഞ്ച് ദിവസമായിട്ടും പരാതിയിന്മേല്‍ നടപടിയുണ്ടായില്ല. ഇതിനിടയിൽ കൃഷ്ണകുമാര്‍ വീട്ടില്‍കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അഡീഷണല്‍ എസ്.ഐ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ പൊലീസ് വീട്ടില്‍ എത്തി. മകനെ കേസില്‍കുടുക്കി മര്‍ദ്ദിക്കുമെന്ന് മുന്നറിയിപ്പ് നൽകി. തന്റെ മരണത്തിന് എഎസ്ഐയും ഉണ്ണിയുമാണ് ഉത്തരവാദിയെന്നും കത്തിൽ പറയുന്നു.

തന്റെ ആത്മഹത്യ കൊണ്ട് കുടുംബത്തിനു മേലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കട്ടെയെന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. ഒരു കത്ത് വീടിന്റെ ഭിത്തിയിലും മറ്റൊരെണ്ണം, കട്ടിലിനടിയിലുമാണ് സൂക്ഷിച്ചിരുന്നത്. ഇന്‍ക്വിസ്റ്റ് നടപടികള്‍ക്കായി എത്തിയ പൊലീസ് ഭിത്തിയില്‍ ഒട്ടിച്ചിരുന്ന കത്ത് കീറിക്കളയാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കായംകുളം ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ആലപ്പുഴ എസ്.പി. എ.അക്ബര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY