കോഴിക്കോട് മാളിന്റെ മുകളില്‍ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു. മാളിലെ ജീവനക്കാരി അന്‍സയാണ് മരിച്ചത്. ഭര്‍തൃപീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് അന്‍സയുടെ ബന്ധുക്കള്‍ ആരോപിച്ചു.
കോഴിക്കോട്ടെ മാളിലെ ജീവനക്കാരിയായിരുന്ന പാവങ്ങാട് സ്വദേശിയായ അന്‍സയാണ് ആത്മഹത്യ ചെയ്തത്. ഫെബ്രുവരിയിലാണ് അന്‍സയും മാളിക്കടവ് സ്വദേശി അജിന്‍ദാസും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. സഹപാഠികളായിരുന്ന ഇവരുടേത് പ്രണയ വിവാഹമായിരുന്നു. വിവാഹത്തെ അജിന്റെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നെന്ന് യുവതിയുടെ വീട്ടുകാര്‍ പറയുന്നു. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ അന്‍സയെ പീഡിപ്പിച്ചിരുന്നതായും അമ്മ ഗ്ലാഡിസ് പറയുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിന്റെ മനോവിഷമത്തിലാണ് ജോലിസ്ഥലത്തെത്തിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു. നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.