ബംഗളൂരു : ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്നല്ലാതെ മത്സരിക്കാനില്ലെന്ന‌് ചലച്ചിത്രതാരവും അന്തരിച്ച മുന്‍ കോണ്‍ഗ്രസ‌് നേതാവ‌് അംബരീഷിന്റെ ഭാര്യയുമായ സുമലത. കര്‍ണാടകത്തിലെ കോണ്‍ഗ്രസ‌്–ജെഡിഎസ‌് സീറ്റുവിഭജനത്തിന്റെ പശ‌്ചാത്തലത്തിലാണ‌് സുമലതയുടെ പ്രസ്താവന. മാണ്ഡ്യ സീറ്റ‌് കോണ്‍ഗ്രസ‌് ജെഡിഎസിന‌് നല്‍കിയിരുന്നു.എന്തെങ്കിലും നേട്ടത്തിനുവേണ്ടിയോ സഹതാപതരംഗത്തിന്റെ പേരിലോ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താല്‍പ്പര്യമില്ല.മത്സരിക്കുന്നുണ്ടെങ്കില്‍ അത‌് മാണ്ഡ്യയില്‍നിന്ന‌് മാത്രമായിരിക്കും. മാണ്ഡ്യയ്ക്കുവേണ്ടി അംബരീഷ‌് ഒരുപാട‌് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട‌്. എന്നാല്‍, ജനങ്ങള്‍ അദ്ദേഹത്തെ വിലകുറച്ചുകണ്ടു. അത‌് തിരുത്താനുള്ള സമയമാണിത‌്. മാണ്ഡ്യയിലെ ജനങ്ങളാണ‌് തന്റെ രാഷ്ട്രീയം രൂപപ്പെടുത്തിയതെന്ന‌് അംബരീഷ‌് വിശ്വസിച്ചിരുന്നു.അവരോട‌് അദ്ദേഹം ഒരുപാട‌് കടപ്പെട്ടിരുന്നു. ഇപ്പോള്‍ ഞാന്‍ അവരുടെകൂടെ നിന്നില്ലെങ്കില്‍ അത‌് അവരെ നിരാശപ്പെടുത്തും’– സുമലത പറഞ്ഞു. ചലച്ചിത്രതാരവും മാണ്ഡ്യയില്‍നിന്നുള്ള ലോക‌്സഭാംഗവും മന്ത്രിയുമായിരുന്ന അംബരീഷ‌് കഴിഞ്ഞ നവംബറിലാണ‌് അന്തരിച്ചത്.