വേനല്‍ മഴ; കൊതുകുജന്യ രോഗങ്ങള്‍ക്കു സാധ്യത – ജില്ലാ മെഡിക്കല്‍ ഓഫീസര്‍ – കാസറഗോഡ്

150

കാസറഗോഡ് : ജില്ലയില്‍ വേനല്‍മഴ പെയ്തതോടുകൂടി മഴക്കാലരോഗങ്ങള്‍ക്ക് സാധ്യത. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് ഭാഗത്ത് ഡെങ്കുപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വളരെ ശ്രദ്ധിക്കേണ്ടതാണെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി. ദിനേശ് കുമാര്‍ അറിയിച്ചു. റബര്‍, കവുങ്ങ്(കമുക്) തോട്ടങ്ങളിലെ ചിരട്ട, പാള മുതലായവ വെള്ളം കെട്ടിനിന്ന് കൊതുകു വളരാനുള്ള സാഹചര്യം ഉള്ളതായാണ് ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

പൊതു സ്ഥലങ്ങളിലും തോട്ടങ്ങളിലും കൊതുകു വളരാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനാരോഗ്യനിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുഴമന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വീടിന്റെ പരിസരത്തു വലിച്ചെറിയുന്ന ചിരട്ട ,കുപ്പികള്‍ പ്ലാസ്റ്റിക് കവറുകള്‍, ടയറുകള്‍ ഉപയോഗ്യശൂന്യമായ കളിപ്പാട്ടങ്ങള്‍, ചെരുപ്പുകള്‍ എന്നിങ്ങനെ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും ഒഴിവാക്കി കൊതുകു മുട്ടയിട്ടു പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കണം. അതുപോലെ വീടുകളുടെ ടെറസ്, സണ്‍ ഷെയ്ഡുകള്‍ മുതലായവയിലെ ഓവുചാലുകള്‍ വൃത്തിയാക്കി വെള്ളം കെട്ടിനില്‍കുന്നില്ല എന്ന് ഉറപ്പു വരുത്തണം. മഴ നനയാതിരിക്കാന്‍ വലിച്ചു കെട്ടിയ ഷീറ്റുകള്‍, വിറകും മറ്റും മൂടിയിരിക്കുന്ന പ്ലാസ്റ്റിക് അടപ്പുകള്‍ എന്നിവയിലും വെള്ളം കെട്ടിനില്‍കുന്നില്ല എന്ന് ഉറപ്പാക്കുക.

വീട്ടാവശ്യത്തിനായി ജലം സംഭരിച്ചു വച്ചിരിക്കുന്ന പാത്രങ്ങള്‍ നന്നായി മൂടി സൂക്ഷിക്കുകയും ആഴ്ചയില്‍ ഒരിക്കല്‍ അത് ഉരച്ചു കഴുകി വൃത്തിയാക്കുകയും വേണം. ചെടിച്ചട്ടികള്‍, വീടിനുള്ളിലെ ചെടി വളര്‍ത്തുന്ന പാത്രങ്ങള്‍, ഫ്രിഡ്ജിന്റെ പുറകുവശത്തെ ട്രേയ് എന്നിവിടങ്ങളിലും ശ്രദ്ധിക്കണം. കരിക്കിന്‍ വെള്ളം ഉപയോഗിച്ചതിന് ശേഷം ബാക്കിവരുന്ന തൊണ്ട് വെള്ളം കെട്ടിനില്‍കാത്ത വിധത്തില്‍ കമിഴ്ത്തി വയ്ക്കണം.

വ്യക്തി സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതും പ്രധാനമാണ്. കൊതുകു കടി ഏല്‍ക്കാതിരിക്കുന്നതിനായി ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക, കൊതുകിനെ അകറ്റുന്നതരത്തിലുള്ള ലേപനങ്ങള്‍ പുരട്ടുക, വീടിനകത്തു ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴും കൊതുകു വല ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. പനിയോ മറ്റു ലക്ഷണങ്ങളോ കണ്ടെത്തിയാല്‍ സ്വയം ചികിത്സിക്കാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടണം.

NO COMMENTS