ജയ്പുര്‍: ബാധ ഒഴിപ്പിക്കുന്നതിന് മുറിവെദ്യന്റെ ഉപദേശപ്രകാരം യുവാവ് ഭാര്യയെ തെരുവിലൂടെ അടിച്ചോടിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണു സംഭവം. ലോകം വനിതാ ദിനം ആഘോഷിച്ച അതേദിവസം തന്നെയാണ് പച്പദ്രയില്നിന്നു ഭീകരവാര്‍ത്ത പുറത്തുവരുന്നത്.
തെരുവിലൂടെ നഗ്നപാദയാക്കി അടിച്ചുനടത്തുന്നത് ഭാര്യയെ ശുദ്ധിയാക്കുമെന്നും ദുഷ്ടശക്തികളില്‍നിന്നു രക്ഷിക്കുമെന്നും ഒരു താന്ത്രിക വൈദ്യനാണ് യുവാവിനെ ഉപദേശിച്ചത്. ഇതേതുടര്‍ന്ന് ഭാര്യയെ യുവാവ് തെരുവിലൂടെ അടിച്ചോടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഓടാന്‍ കഴിയാതെ അവശയായ ഭാര്യയെ യുവാവ് ചെരിപ്പിന് അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വൈദ്യനെയും യുവാവിനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. യുവതി ഭര്‍ത്താവിന്റെ മര്‍ദനത്തിന്റെ ഞെട്ടലില്‍നിന്നു മുക്തയായിട്ടില്ല. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ജോധ്പൂരിലേക്ക് അയയ്ക്കുമെന്നു പോലീസ് അറിയിച്ചു.
യുവതിക്ക് സുഖമില്ലാതിരുന്നതിനെ തുടര്‍ന്നാണ് യുവാവ് താന്ത്രിക വൈദ്യനെ സമീപിച്ചത്. യുവതിയുടെ ശരീരത്തില്‍ ബാധ കൂടിയിട്ടുണ്ടെന്നും തെരുവിലൂടെ അടിച്ചോടിച്ചാല്‍ ഈ ബാധ മാറുമെന്ന് ഇയാളാണ് യുവാവിനെ ഉപദേശിച്ചതെന്നും ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു.