ആലപ്പുഴ: ഓണത്തിരക്കിനിടെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ കൂട്ട സ്ഥലംമാറ്റം. കരിഞ്ചന്ത തടയാനുള്ള പ്രത്യേക സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ പ്രതിസന്ധിയില്‍. വിവിധ ജില്ലകളിലായി 33 താലൂക്ക് സപ്ലൈ ഓഫീസര്‍(ടി.എസ്.ഒ) മാരെ സ്ഥലംമാറ്റിക്കൊണ്ടുളള ഉത്തരവാണു കഴിഞ്ഞദിവസം പുറത്തുവന്നത്. ഇവരെ ഇന്നലെത്തന്നെ വിടുതല്‍ ചെയ്തു തുടങ്ങി. പകരം നിയോഗിക്കപ്പെട്ടവര്‍ക്ക് ചുമതലയേല്‍ക്കാന്‍ എട്ടുദിവസംവരെ സാവകാശവും അനുവദിച്ചു. ഇതോടെ ഓണക്കാലത്തെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാന്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡുകള്‍ നിര്‍ജീവാവസ്ഥയിലായി. സ്ഥലംമാറ്റമുണ്ടായ താലൂക്കുകളിലെല്ലാം എ.ടി.എസ്.എ.ഒമാര്‍ക്കാണ് ടി.എസ്.ഒയുടെ ചുമതല.ഇവര്‍ക്കാകട്ടെ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടി വന്നതോടെ പരിശോധനകളില്‍ നിന്ന് പിന്‍വാങ്ങേണ്ടിയും വന്നു. ഉത്സവവേളകളില്‍ കരിഞ്ചന്ത വ്യാപകമായ തൃശൂര്‍, കോട്ടയം ജില്ലകളിലാണ് കൂടുതല്‍പ്പേരെ സ്ഥലംമാറ്റിയത്. കോട്ടയത്ത് ആകെയുള്ള അഞ്ചില്‍ മൂന്നു ടി.എസ്.ഒമാരെയും മാറ്റി. തുടര്‍ച്ചയായി അവധിദിവസംകൂടി ആരംഭിക്കുന്നതിനാല്‍ പരിശോധനകള്‍ പേരിലൊതുങ്ങും. സിവില്‍ സപ്ലൈസ് സ്ക്വാഡുകള്‍ നടത്തുന്ന റെയ്ഡുകള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ കരിഞ്ചന്ത മാഫിയ വ്യാപകമാണ്. അടുത്തിടെ രഹസ്യ വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കോട്ടയത്തെ കരിഞ്ചന്തയില്‍നിന്ന് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടിയിരുന്നു.
തൃശൂര്‍, ചങ്ങനാശേരി, പത്തനംതിട്ട, കായംകുളം, കൊല്ലത്തെ തഴവ മേഖലകളിലാണ് കരിഞ്ചന്ത മാഫിയ സജീവം. റേഷന്‍ മൊത്തവ്യാപാരികളില്‍നിന്ന് സപ്ലൈകോ നല്‍കുന്ന റിലീസിങ് ഓര്‍ഡറുകള്‍ വാങ്ങി കരിഞ്ചന്ത വ്യാപാരം നടത്തുന്നവര്‍ മധ്യതിരുവിതാംകൂറിലുണ്ട്. കഴിഞ്ഞ എല്‍ഡി.എഫ്. സര്‍ക്കാരിന്‍റെ കാലത്ത് ഓരോ ജില്ലയിലും കലക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംയുക്ത സ്ക്വാഡുകളാണ് റേഷന്‍ കരിഞ്ചന്ത തടയാന്‍ പ്രവര്‍ത്തിച്ചിരുന്നത്. കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ഓണക്കാലത്തുമാത്രം ഇത്തരം സംഘങ്ങള്‍ പിടികൂടിയത്.
റവന്യൂ വിഭാഗത്തില്‍നിന്ന് ഡെപ്യൂട്ടി കലക്ടര്‍, പോലീസില്‍നിന്ന് ഡിവൈ.എസ്.പി, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍മാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുള്‍പ്പെട്ട സ്ക്വാഡ് വിവിധ പ്രദേശങ്ങളില്‍ രഹസ്യ നിരീക്ഷണം നടത്തിയാണ് കരിഞ്ചന്ത വില്‍പന സംഘങ്ങളെ കണ്ടെത്തിയിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഈ സംയുക്ത സ്ക്വാഡിനു പകരം താലൂക്കുകള്‍ കേന്ദ്രീകരിച്ചുളള സ്ക്വാഡുകള്‍ രൂപീകരിക്കുകയായിരുന്നു. ഇപ്പോള്‍ ടി.എസ്.ഒമാരെ മറ്റു താലൂക്കുകളില്‍ പരിശോധനയ്ക്കു നിയോഗിക്കുന്ന സംവിധാനമാണുള്ളത്. ഇത് റെയ്ഡ് വിവരം ചോര്‍ത്തുന്നുവെന്ന വിമര്‍ശനവുമുണ്ട്. അതിനിടെ കൂട്ട സ്ഥലംമാറ്റം കൂടിയായതോടെ പ്രവര്‍ത്തനം താളം തെറ്റിയേക്കാമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.