സപ്ലൈകോ 50ാം വാർഷികം ; പ്രവർത്തനം മെച്ചപ്പെടുത്താൻ 11 പദ്ധതികൾ നടപ്പാക്കും ; മന്ത്രി ജി. ആർ അനിൽ

12

സപ്ലൈകോയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഒരു വർഷത്തിനിടെ സപ്ലൈകോയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 11 പദ്ധതികൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ പ്രഖ്യാപി ച്ചു. ഫയൽ അദാലത്ത്, ഓഡിറ്റ്, അക്കൗണ്ട് ഫൈനലൈസേഷൻ, ഇ.ആർ.പി പൂർണമായും നടപ്പാക്കൽ, എൻ.എഫ്.എസ്.എ സയന്റിഫിക് ഗോഡൗണുകളുടെ എണ്ണം 36 ശതമാനത്തിൽ നിന്ന് 60 ശതമാനമാക്കൽ, ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ, നെല്ല് സംഭരണം, സബ്സിഡി വിതരണം എന്നിവയ്ക്ക് ആധാർ ലിങ്ക്ഡ് ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തൽ, ആലപ്പുഴ സൂപ്പർ മാർക്കറ്റ് നിർമാണം, സുവനീർ കം കോഫീ ടേബിൾ ബുക്ക് പുറത്തിറക്കൽ, പുതിയ പെട്രോൾ പമ്പുകൾ തുടങ്ങലും പഴയവ നവീ കരിക്കലും, ആധുനിക മെഡിക്കൽ സ്റ്റോറുകൾ തുടങ്ങൽ എന്നീ പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്.

സപ്ലൈകോയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനും സപ്ലൈകോ ആസ്ഥാനത്തും സപ്ലൈക്കോയുമായി ബന്ധപ്പെട്ട് സർക്കാരിലും കെട്ടിക്കിടക്കുന്ന ഫയലുകൾ അദാലത്തു നടത്തി പരിഹാരം കാണാൻ ശ്രമിക്കും. മഹാപ്രളയം, കോവിഡ് തുടങ്ങിയ കാലയളവിൽ സപ്ലൈകോയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ച് സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണത്തിൽ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഇക്കാലയളവിൽ സപ്ലൈകോയുടെ ഓഡിറ്റ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. 50-ാം വർഷം ആഘോഷിക്കുന്ന കാലയളവിൽ 2022-23 വരെയുള്ള ഓഡിറ്റ് പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കും.

നിലവിൽ എല്ലാ സപ്ലൈകോ വിൽപനശാലകളിലും ഇആർപി മുഖേനയാണ് വിൽപന നടത്തി വരുന്നത്. കൂടാതെ സപ്ലൈകോയുടെ എല്ലാ ഡിപ്പോകളിലും നിലവിൽ ഇആർപി നടപ്പിലാക്കിയിട്ടുണ്ട്. ഇനിയും പൂർത്തീകരിക്കാത്ത മൊഡ്യൂളുകളും ഈ വർഷത്തിൽ തന്നെ പൂർണമായും പൂർത്തീകരിക്കും. നിലവിൽ 179 ഗോഡൗണുകളിലൂടെയാണ് സപ്ലൈകോ സർക്കാരിന്റെ അഭിമാന പദ്ധതിയായ റേഷൻ ഉൽപ്പന്നങ്ങളുടെ വാതിൽപ്പടി വിതരണം നടത്തുന്നത്. ഇതിൽ 64 ശതമാനം ഗോഡൗണുകൾ ആവശ്യമായ സയന്റിഫിക് നിലവാരത്തിലുള്ളതല്ല. റേഷൻ വിതരത്തിനായി ഉപയോഗിക്കുന്ന ഗോഡൗണുകളിൽ 60 ശതമാനവും ആധുനിക രീതിയിലുള്ള സയന്റിഫിക് ഗോഡൗണുകളായി മാറ്റും. കൂടാതെ സപ്ലൈകോ ഗോഡൗണുകളും പൂർണ്ണമായി സയന്റിഫിക് ഗോഡൗണുകളാക്കി മാറ്റും.

നിലവിൽ ശബരി ബ്രാൻഡിൽ ചായപ്പൊടി, മസാലകൾ, കറി പൗഡറുകൾ, ആട്ട, പുട്ടുപൊടി, അപ്പം പൊടി, സോപ്പ്, വെളിച്ചെണ്ണ എന്നിവയാണ് വിതരണത്തിനായി എത്തിക്കുന്നത്. അമ്പതാം വർഷം പ്രമാണിച്ച് കൂടുതൽ ശബരി ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കും. ഇതിന്റെ ഭാഗമായി ഗുണനിലവാരമുള്ള സൺഫ്ളവർ ഓയിൽ, പാമോലിൻ, ഉപ്പ്, പഞ്ചസാര, ക്ലീനിങ് ഉത്പന്നങ്ങൾ (ഡിറ്റർജന്റുകൾ, സർഫസ് ക്ലീനറുകൾ, ഡിഷ് വാഷ്, ഹാൻഡ് വാഷ്) എന്നീ ജനപ്രിയ ഉത്പന്നങ്ങൾ ശബരി ബ്രാന്റിൽ ന്യായമായ വിലയ്ക്ക് വിപണിയിൽ എത്തിക്കും.

സപ്ലൈകോ 2.25 ലക്ഷം നെൽകർഷകരിൽ നിന്ന് ഓരോ സീസണിലും നെല്ല് സംഭരിക്കുന്നുണ്ട്. ഈ പദ്ധതി കുറ്റമറ്റതാക്കുന്നതിന് രജിസ്റ്റേർഡ് കർഷകരിൽ നിന്നും ബയോമെട്രിക് വിവരങ്ങൾ കൂടി ശേഖരിച്ച് ആധാർ ലിങ്ക് ബയോമെട്രിക് നെല്ല് സംഭരണമാക്കി മാറ്റും. ഇതുമൂലം നെല്ല് സംഭരണത്തിൽ ഉണ്ടായേക്കാവുന്ന ക്രമക്കേടുകൾ ഒഴിവാക്കാനാവും. 13 ഇനം സബ്സിഡി ഉൽപ്പന്നങ്ങൾ റേഷൻ കാർഡ് അടിസ്ഥാനമാക്കി സപ്ലൈകോയുടെ ഔട്ട്ലെറ്റുകളിലൂടെ ഉപഭോക്താക്കൾക്ക് നൽകി വരുന്ന സംവിധാനം കുറ്റമറ്റതാക്കുന്നതിനായി ഉപഭോക്താക്കളുടെ ആധാർ, ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച്, റേഷൻ വിതരണത്തിന് അവലംബിച്ച ഇ-പോസ് സംവിധാനം നടപ്പിലാക്കും. ഇതുവഴി സബ്സിഡി ഉൽപ്പന്നങ്ങൾ യഥാർത്ഥ ഉപഭോക്താവിന് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനാവും.

ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ സപ്ലൈകോയുടെ കൈവശമുള്ള ഭൂമിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ 1500 ചതുരശ്ര അടിയിലുള്ള സൂപ്പർമാർക്കറ്റ് നിർമിക്കും. ഇതിന്റെ തറക്കല്ലിടൽ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് നടത്തും. ഒരു വർഷത്തിനുള്ളിൽ പണിപൂർത്തിയാക്കും. അമ്പത് വർഷത്തെ സപ്ലൈകോയുടെ ചരിത്രം സൂചിപ്പിക്കുന്ന ചിത്രങ്ങളും ലേഖനങ്ങളും അടങ്ങിയ സുവനീർ കം കോഫീ ടേബിൾ ബുക്ക് ഡിസംബർ മാസത്തോടെ പുറത്തിറക്കും.

മാനന്തവാടി, കൊല്ലം, വാഗമൺ എന്നിവിടങ്ങളിൽ പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കുന്നതിനും തിരുവനന്തപുരം ആൽത്തറ പെട്രോൾ പമ്പ് നവീകരണത്തിനും തുടക്കം കുറിക്കും. തിരുവനന്തപുരം ആൽത്തറ പെട്രോൾ പമ്പിനോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന അവശ്യ നിത്യോപയോഗ വസ്തുക്കൾ ലഭിക്കുന്ന സപ്ലൈകോ എക്സ്പ്രസ്സ് മാർട്ടും ആരംഭിക്കും. കൂടാതെ വെള്ളയമ്പലം, തിരുവനന്തപുരം സ്റ്റാച്യു, എറണാകുളം എം ജി റോഡ് എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകൾ നവീകരിക്കും.

സപ്ലൈകോ നിലവിൽ നടത്തിവരുന്ന മെഡിക്കൽ സ്റ്റോറുകൾക്കു പുറമെ 10 ഓളം മെഡിക്കൽ സ്റ്റോറുകൾ സപ്ലൈകോ മെഡി മാർട്ട്’ എന്ന പേരിൽ ആരംഭിക്കും. പൂർണമായും ശീതികരിച്ച സൂപ്പർമാർക്കറ്റ് രീതിയിലുള്ള ഈ സ്റ്റോറുകളിൽ മരുന്നുകൾക്ക് പുറമെ സർജിക്കൽ, മെഡിക്കൽ ഉപകരണങ്ങൾ, പ്രമുഖ ബ്രാൻഡുകളുടെ ഹെൽത്ത് കെയർ, വെൽനസ് ഉത്പന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ മുതാലായവ വിൽപനക്ക് ലഭ്യമാക്കും. 1000 രൂപയിൽ കൂടുതൽ വിലയുള്ള മരുന്നുകളുടെ ഓർഡർ ഉപഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.

NO COMMENTS

LEAVE A REPLY