അസാധുനോട്ടുകള്‍ മാറിയെടുക്കാന്‍ വീണ്ടുംഅവസരം നല്‍കണമെന്ന് സുപ്രീം കോടതി

157

ന്യൂഡല്‍ഹി: അസാധുവായ 500,1000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പൗരന്മാര്‍ക്ക് അവസരം നല്‍കണമെന്ന് സുപ്രീം കോടതി. ഈ മാസം 17നകം ഇക്കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടും റിസര്‍വ് ബേങ്കിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഒരാള്‍ ന്യായമായ രീതിയില്‍ സമ്ബാദിച്ച പണം ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ന്യായമായ കാരണങ്ങളാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ പണം നിക്ഷേപിക്കാന്‍ ഒരു വ്യക്തിക്ക് സാധിച്ചില്ലെങ്കില്‍ അതില്‍ നിന്ന് അയാളെ വിലക്കാന്‍ സാധിക്കില്ല. ഈ സമയത്ത് ജയിലിലായിരുന്ന ആള്‍ക്കാര്‍ക്കും അസുഖം ബാധിച്ചവര്‍ക്കും നോട്ട് മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ചോദിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കള്ളപ്പണം തടയാനെന്ന പേരിലായിരുന്നു നടപടി. നോട്ടുകള്‍ മാറിയെടുക്കാന്‍ ഡിസംബര്‍ 30വരെയാണ് ആദ്യം സമയം അനുവദിച്ചിരുന്നത്. പിന്നീട് അത് മാര്‍ച്ച്‌ അവസാനം വരെ നീട്ടിയിരുന്നു.

NO COMMENTS