ന്യൂഡല്‍ഹി: പൗരന്റെ സ്വകാര്യത പരമമായ അവകാശമല്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. മൗലികാവകാശമായി ഇതിനെ കണക്കാക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചു. ആധാറുമായി ബന്ധപ്പെട്ട് സ്വകാര്യത മൗലികാവകാശമാണോ എന്ന സുപ്രധാന വിഷയത്തില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഈ നിരീക്ഷണം നടത്തിയത്. ചീഫ് ജസ്റ്റിസ് ജെ എസ് ഖഹാര്‍ അധ്യക്ഷനായ ബഞ്ചാണ് വിഷയത്തില്‍ വാദം കേള്‍ക്കുന്നത്. അതേസമയം സ്വകാര്യത സര്‍ക്കാറിന്റെ ഔദാര്യമല്ലെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. സ്വകാര്യത മറ്റു ഭരണഘടനാ അവകാശങ്ങളുടെ നിഴലില്‍ നില്‍കേണ്ട കാര്യമില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു.
കേസില്‍ സുപ്രീകോടതിയില്‍ നാളെയും വാദം തുടരും. ഹര്‍ജിക്കാരുടെ വാദമാണ് കോടതി ഇന്ന് കേട്ടത്. ഇതിന്മേലുള്ള കേന്ദ്ര സര്‍ക്കാറിന്റെ വാദവും കോടതി കേള്‍ക്കും. സ്വകാര്യത മൗലികാവകാശം അല്ല എന്നാണ് കേന്ദ്ര നിലപാട്.