നോട്ട : കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

137

ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉപയോഗിക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനത്തിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കുമെന്നും ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യില്ലെന്നും കോടതി വ്യക്തമാക്കി. ആര്‍ട്ടിക്ക്ള്‍ 80 (4) പ്രകാരം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഒപ്ഷന്‍ നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച്‌ ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിപ് ശൈലേഷ് മനുഭായ് പര്‍മേറാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
രാജ്യസഭാ തിരഞ്ഞെടുപ്പുകളില്‍ നോട്ട ഒപ്ഷന്‍ ഉപയോഗിക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഗുജറാത്തില്‍ നിന്നും ഒഴിവുവരുന്ന സീറ്റില്‍ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍ മത്സരിക്കാനിരിക്കെയാണ് വിവാദ തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്. വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

NO COMMENTS