ന്യൂഡല്‍ഹി: മുത്തലാഖ് കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നാളെ വിധി പറയും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് കേസില്‍ വിധി പറയുന്നത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും അത് നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് വിധി. ഭര്‍ത്താവ് കത്ത് വഴി മുത്തലാഖ് ചൊല്ലിയതിന് എതിരെ ഉത്തരാഖണ്ഡ് സ്വദേശിയായ സൈറാ ബാനു ഉള്‍പ്പെടെ അഞ്ച് പേര്‍ വിവിധ സമയങ്ങളിലായി നല്‍കിയ ഹര്‍ജികളിലാണ് വിഷയം സുപ്രിം കോടതി പരിഗണിക്കുന്നത്. കേസില്‍ വിവിധ സംഘടനകള്‍ അനുകൂലമായും പ്രതികൂലമായും കക്ഷി ചേര്‍ന്നിരുന്നു. മുസ്ലിം വിമണ്‍സ് ക്വസ്റ്റ് ഫോര്‍ ഇക്വാലിറ്റി, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്നിവരാണ് ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി കക്ഷി ചേര്‍ന്നത്. അഖിലേന്ത്യാ വ്യക്തിനിയമബോര്‍ഡ് ഹര്‍ജിക്കാര്‍ക്ക് എതിരെ കക്ഷി ചേര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാറും കേസില്‍ കക്ഷിയാണ്. മുത്തലാഖ് നിരോധിക്കണമെന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്.