മെഡിക്കല്‍ പ്രവേശനം: കേന്ദ്രസര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും

200

ന്യൂഡല്‍ഹി • മെഡിക്കല്‍, ഡെന്റല്‍ ബിരുദ പ്രവേശനത്തിനു മാനേജ്മെന്റ് സീറ്റുകളിലേക്കും സര്‍ക്കാര്‍ കൗണ്‍സലിങ് നടത്തണമെന്ന നിര്‍ദേശമനുസരിച്ചു കേരള സര്‍ക്കാര്‍ നല്‍കിയ ഉത്തരവിനെതിരായ ഹൈക്കോടതി വിധി ചോദ്യം ചെയ്തു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിച്ചേക്കും.
അപ്പീല്‍ നല്‍കിയിട്ടില്ലെങ്കിലും കേന്ദ്ര നിലപാടിനെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നാണു സൂചന. ഇതേ വിഷയത്തില്‍ ബോംബെ ഹൈക്കോടതി നല്‍കിയ ഉത്തരവ് ചോദ്യം ചെയ്തുള്ള കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ ജഡ്ജിമാരായ എ.കെ.സിക്രി, എല്‍.നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചില്‍ ഇന്നലെ വാദം പൂര്‍ത്തിയായില്ല. തുടര്‍ന്ന്, വാദം ഇന്നു രണ്ടിനു പുനരാരംഭിക്കാന്‍ തീരുമാനിച്ചു.മഹാരാഷ്ട്ര കേസിലെ വാദം പൂര്‍ത്തിയാകുന്ന മുറയ്ക്കാകും കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കുക.സംയുക്ത കൗണ്‍സലിങ് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം ഒന്‍പതിനു നല്‍കിയ നിര്‍ദേശത്തിന്റെ പശ്ചാത്തലവും സാധുതയുമാണു സോളിസിറ്റര്‍ ജനറല്‍ ഇന്നലെ വിശദീകരിച്ചത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരിഗണിക്കപ്പെടാന്‍ അവസരമുള്ളതും സുതാര്യവുമായ നടപടിയാണു സംയുക്ത കൗണ്‍സലിങ് എന്ന് അദ്ദേഹം വാദിച്ചു. പൊതുപ്രവേശനം എന്ന ആശയത്തിന്റെ ഭാഗമാണ് സംയുക്ത കൗണ്‍സലിങ് എന്നു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കുവേണ്ടി ഹാജരായ വികാസ് സിങ് വാദിച്ചു.രാജ്യത്തെ മുഴുവന്‍ മെഡിക്കല്‍ സീറ്റുകളിലേക്കുമായി മെഡിക്കല്‍ കൗണ്‍സില്‍ പൊതുകൗണ്‍സലിങ് നടത്താതെ ഓരോ സംസ്ഥാനവും കൗണ്‍സലിങ് നടത്തുന്നതും ശരിയായ നടപടിയല്ലെന്ന് ഒരു വിദ്യാര്‍ഥിനിയുടെ പിതാവ് കോടതിയില്‍ നേരിട്ടു ബോധിപ്പിച്ചു. ഇതുപോലെ പല പ്രശ്നങ്ങളുമുണ്ടെന്നു വികാസ് സിങ് പറഞ്ഞു. വിദ്യാര്‍ഥിനിയുടെ പിതാവ് പറയുന്നതും കണക്കിലെടുക്കേണ്ട പ്രശ്നം തന്നെയാണെന്നു കോടതി പറഞ്ഞു. അഭിഷേക് സിങ്വി, പി.ചിദംബരം തുടങ്ങിയവരാണു മഹാരാഷ്ട്രയിലെ വിവിധ മാനേജ്മെന്റുകള്‍ക്കു വേണ്ടി ഹാജരായത്.മഹാരാഷ്ട്രയിലെ സ്ഥാപനങ്ങള്‍ക്കു കൗണ്‍സലിങ്ങിനു സംസ്ഥാനത്തെ നിയമപ്രകാരമുള്ള അവകാശത്തെ, കേന്ദ്ര സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥന്‍ ഇറക്കുന്ന ഉത്തരവിലൂടെ മറികടക്കാനാവുമോയെന്ന് ഇവര്‍ ചോദിച്ചു. സംയുക്ത കൗണ്‍സലിങ് എന്ന കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവിറക്കിയ കേരള സര്‍ക്കാര്‍ പിന്നീടു ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിലപാടു മാറ്റി, കോളജുകളുമായി കരാറുമുണ്ടാക്കി. അതിനാലാണു ഹൈക്കോടതിയുടെ ഉത്തരവിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍ തയാറാകാതിരുന്നത്. ഈ പശ്ചാത്തലത്തില്‍, കേന്ദ്ര നിലപാടിനെ അനുകൂലിച്ചും മാനേജ്മെന്റുകളുമായുള്ള കരാറിനെ തള്ളിപ്പറയാതെയുമുള്ള നിലപാടാകും കേരള സര്‍ക്കാരിന്റേതെന്നാണ് അഭിഭാഷക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍, സംയുക്ത കൗണ്‍സലിങ്ങിനെ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തന്നെ എതിര്‍ത്തിരുന്നുവെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ രേഖകള്‍ വ്യക്തമാക്കുന്നത്. പ്രവേശന പരീക്ഷ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി കഴിഞ്ഞ ജൂണ്‍ 17നു വിളിച്ചുചേര്‍ത്ത യോഗത്തില്‍, പല രീതികളാണു സംസ്ഥാനത്തെ സ്വകാര്യ കോളജുകളിലുള്ളത് എന്നതിനാല്‍ സംയുക്ത കൗണ്‍സലിങ് അപ്രായോഗികമാണെന്നാണു കേരളം നിലപാടെടുത്തതെന്നു യോഗത്തിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY