ന്യൂഡല്‍ഹി: സുഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹ മരണം ഗൗരവതരമെന്ന് സുപ്രീം കോടതി. ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. എല്ലാ രേഖകളും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ജനുവരി പതിനഞ്ചിനകം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു. ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി നടപടി. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കേസില്‍ അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജിയെ നാഗ്പൂരിലെ ഗസ്റ്റ് ഹൗസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2014 ഡിസംബര്‍ ഒന്നിനായിരുന്നു സംഭവം.