ന്യൂഡല്‍ഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരെ ആഗസ്‌റ്റ് ആറുവരെ അറസ്‌റ്റ് പാടില്ലെന്ന്‍ സുപ്രീംകോടതി. വൈദികര്‍ സുപ്രീം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് തടഞ്ഞത്. ഹര്‍ജി പരിഗണിച്ച കോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്നും കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന് ശേഷം മാത്രമേ മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കഴിയൂ. കോടതി കേസ് വിധി പറയാനായി ആഗസ്‌റ്റ് ആറിലേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യത്തിനും ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസും നാലാം പ്രതി ഫാദര്‍ ജയ്സ്.കെ.ജോര്‍ജും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന ഹൈക്കോടതിയുടെ പരാമര്‍ശം നീക്കണമെന്നും തങ്ങള്‍ക്ക് ജാമ്യം നല്‍കണമെന്നുമാണ് പ്രതികളുടെ ആവശ്യം.