ന്യൂഡല്‍ഹി : ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെ പേരോ ചിത്രങ്ങളോ പരസ്യപ്പെടുത്തരുതെന്ന് വീണ്ടും നിര്‍ദേശിച്ച് സുപ്രീംകോടതി. ബിഹാറിലെ മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഇരയായവരുടെ ചിത്രങ്ങളോ മോര്‍ഫ് ചെയ്ത ചിത്രങ്ങളോ മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും കോടതി അറിയിച്ചു. ലൈംഗിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കാന്‍ പാടില്ല. എന്നാല്‍ നിയന്ത്രണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കാന്‍ സഹകരിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും എന്‍പിഎക്കും നോട്ടീസ് അയച്ചിട്ടുണ്ട്.