ന്യൂഡല്‍ഹി : ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന കേസുകളില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കോടതി നടപടികള്‍ തത്സമയം കാണിക്കുന്നത് സുതാര്യത വര്‍ധിപ്പിക്കുമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. മാനഭംഗം, വിവാഹ സംബന്ധമായ കേസുകളൊഴികെ ഭരണഘടനാപരമായ എല്ലാ വാദപ്രതിവാദങ്ങളും പൊതുജനത്തിന് ലഭ്യമാക്കാമെന്നും തത്സമയ സംപ്രേഷണത്തിനായുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് വഴിയാകും ആദ്യം സംപ്രേക്ഷണം നടത്തുക. പിന്നീട് ഒരു ചാനല്‍ ആരംഭിക്കാവുന്നതാണെന്നും, ഇതില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.