ന്യൂഡല്‍ഹി• കാവേരി നദീ ജലതര്‍ക്കത്തില്‍ തമിഴ്നാടിനു താല്‍ക്കാലിക ആശ്വാസം. സെക്കന്‍ഡില്‍ പതിനയ്യായിരം ഘനയടി വീതം വെള്ളം തമിഴ്നാടിനു നല്‍കണമെന്നു കര്‍ണാടകയോടു സുപ്രീംകോടതി നിര്‍ദേശിച്ചു. നാളെ മുതല്‍ 10 ദിവസത്തേക്ക് വെള്ളം നല്‍കണമെന്നാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.കാവേരി തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ ഉത്തരവനുസരിച്ചു വെള്ളം ലഭിക്കുന്നതിനു മേല്‍നോട്ട സമിതിയെ സമീപിക്കാനും സുപ്രീംകോടതി തമിഴ്നാടിനോടു നിര്‍ദേശിച്ചു. ചുറ്റും വെള്ളമുണ്ടെങ്കിലും തുള്ളികുടിക്കാനില്ലാത്ത അവസ്ഥയാണു തമിഴ്നാടിന്‍റേതെന്നു കോടതി ചൂണ്ടിക്കാട്ടി.അതേസമയം, തമിഴ്നാടിനു കാവേരി ജലം നല്‍കുന്നതിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം തുടങ്ങി.മാണ്ഡ്യ, ഹുബ്ബളളി എന്നിവിടങ്ങളില്‍ കര്‍ഷകര്‍ റോഡ് ഉപരോധിച്ചു.