ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊല്ലുന്ന സംഘടനകള്‍ക്കെതിരെ സുപ്രീം കോടതി. ഇത്തരം സംഘടനകളുടെ ആവശ്യമെന്തെന്ന് സുപ്രീം കോടതി ആരാഞ്ഞു. നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്ത ജോസ് മാവേലി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തെരുവുനായ്ക്കളെ കൊല്ലാന്‍ ആഹ്വാനം നല്‍കുന്ന സന്നദ്ധ സംഘടനകളെപ്പറ്റി തെരുവുനായ ശല്യം അന്വേഷിക്കുന്ന ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി അന്വേഷണം നടത്തണം. അവയ്ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. സുപ്രീം കോടതി നിര്‍ദ്ദേശാനുസരണം വേണം നായ്ക്കളെ കൊല്ലാനെന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. പൊതുപ്രവര്‍ത്തകന്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പലസ്ഥലത്തും തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. ഇതുകൂടാതെ ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കളെ കൊല്ലുന്ന തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് പാലാ സെന്റ് തോമസ് കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘടന പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തെരുവുനായ് ശല്യം നേരിടാന്‍ എയര്‍ഗണ്ണുകള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുമെന്നും സംഘടന പ്രഖ്യാപിച്ചിരുന്നു. തെരുവുനായ്ക്കളുടെ കടിയേറ്റ് സംസ്ഥാനത്ത് നാലുപേര്‍ മരിക്കുകയും 700 ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു പ്രഖ്യാപനം. ഈ വര്‍ഷംമാത്രം തെരുവുനായ്ക്കളുടെ അക്രമത്തില്‍ പരിക്കേറ്റ 53,000 പേരാണ് സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്ക്കെത്തിയത്.