ന്യൂഡല്‍ഹി: വിവാഹേതര ബന്ധത്തെ എല്ലായിപ്പോഴും ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്നു സുപ്രീം കോടതി. ഒരു പുരുഷന്‍റെ വിവാഹേതര ബന്ധവും ഭാര്യയുടെ സംശയരോഗവും ആത്മഹത്യാ പ്രേരണ കുറ്റത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള മാനസിക പീഡനമായി കണക്കാക്കാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തെന്ന് ആരോപിക്കപ്പെട്ട കേസില്‍ ഭര്‍ത്താവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിനടക്കം നാല് വര്‍ഷം ശിക്ഷവിധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കേസ് പരിഗണിക്കവെയാണ് വിവാഹേതര ബന്ധം എല്ലാ സാഹചര്യങ്ങളിലും ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്ന കോടതി പരാമര്‍ശം.
വിവാഹേതര ബന്ധങ്ങള്‍ ഐപിസി 498 A ( ഭാര്യക്കെതിരായ ഭര്‍ത്താവിന്റേയും കുടുംബത്തിന്‍റെയും പീഡനം) യുടെ പരിധിയില്‍ വരുന്നതല്ല. അതൊരും സദാചാരവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവൃത്തിയാണ്, എന്നാല്‍ അതിനൊപ്പം മറ്റ് തരത്തിലുള്ള പീഡനമുണ്ടെങ്കില്‍ മാത്രമേ ഒരു ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയൂ. ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടാവുകയും ഭാര്യയുടെ മനസില്‍ സംശയമുണ്ടാവുകയും ചെയ്യുന്നത് ഒരു മാനസിക ക്രൂരതയായി കണക്കാക്കാന്‍ കഴിയില്ല, ഐപിസി 306 പ്രകാരമുള്ള ആത്മഹത്യാ പ്രേരണ കുറ്റത്തിനുള്ള മാനസിക പീഡനമായി അതിനെ കണക്കാക്കാന്‍ കഴിയില്ല. എന്നാല്‍ ശാരീരിക പീഡനം മാത്രമല്ല, മാനസിക ഉപദ്രവും വിലക്ഷണമായ പ്രവൃത്തികളും മാനസിക പീഡനത്തിന്‍റെ പരിധിയില്‍ തന്നെയാണുള്ളതെന്നും കോടതി വിശദീകരിച്ചു.