കേരളത്തില്‍ സര്‍ക്കാരും ക്വാറി ഉടമകളും ഒത്തുകളിക്കുന്നെന്ന് സുപ്രീം കോടതി

200

സംസ്ഥാനത്ത് അഞ്ച് ഹെക്ടറില്‍ താഴെ വിസ്തൃതിയുള്ള ചെറുകിട ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന് നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് ക്വാറി ഉടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചത്. കോടതിയില്‍ ക്വാറി ഉടമകളെ അനുകൂലിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചത്. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കിയാല്‍ അത് നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. ഇതോടെയാണ് കേരളത്തില്‍ ക്വാറി ഉടമകളും സംസ്ഥാന സര്‍ക്കാറും ഒത്തുകളിക്കുകയാണെന്ന വിമര്‍ശനം കോടതി ഉന്നയിച്ചത്. എല്ലായിടത്തും ഇതുതന്നെയാണ് സ്ഥിതിയെന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സ്വതന്ത്ര അഭിപ്രായമാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അഭിപ്രായം തേടി. സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനെ എതിര്‍ത്ത്, എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതിക അനുമതി വേണമെന്ന നിലപാടാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സ്വീകരിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം പരിസ്ഥിത മന്ത്രാലയത്തോട് ആവശ്യപ്പെടുകയും കേസ് അടുത്ത വെള്ളിയാഴ്ചയിലേക്ക് കോടതി മാറ്റി വെയ്ക്കുകയുമായിരുന്നു.

NO COMMENTS

LEAVE A REPLY