ന്യൂഡല്‍ഹി: സിനിമ തിയ്യറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യമെമ്പാടുമുള്ള തിയ്യറ്ററുകളില്‍ ഇനിമുതല്‍ സിനിമ തുടങ്ങും മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണം. തിയ്യറ്ററിലുള്ള മുഴുവന്‍ ആളുകളും അപ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണം. തിയ്യറ്ററില്‍ സ്ക്രീനില്‍ ദേശീയപാതകയുടെ ദൃശ്യം കാണിക്കുകയും വേണം ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കി. ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയണമെന്നും ദേശീയഗാനം ആലപിക്കുന്നതും കേള്‍പ്പിക്കുന്നതും സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാത്പര്യഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറുമെന്നും പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീകോടതിയെ അറിയിച്ചു. തിയ്യറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കാത്തതും അതേചൊല്ലി തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവുന്നതും നേരത്തെ ചര്‍ച്ചയായിരുന്നു. തീയ്യറ്ററുകളില്‍ ദേശീയഗാനം വയ്ക്കുന്നതിലെ ശരി തെറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുതിയ തലത്തില്‍ എത്തിച്ചു കൊണ്ടാണ് പരമോന്നത നീതിപീഠം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് കൈരളി തിയ്യറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കും മുമ്പ് ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേല്‍ക്കാതിരിക്കുകയും കൂക്കി വിളിക്കുകയും ചെയ്ത യുവാവിനെ തീയേറ്ററിലുണ്ടായിരുന്ന ഒരാളുടെ പരാതി പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത സംഭവം കേരളത്തിലും വലിയ ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു.