ന്യൂഡല്‍ഹി• ബിയര്‍ പാര്‍ലറുകളില്‍നിന്ന് ബിയര്‍ പാഴ്സലായി നല്‍കേണ്ടെന്നു സുപ്രീംകോടതി. ബിയര്‍ വാങ്ങാന്‍ ഔട്ട്ലെറ്റുകളില്‍ പോയാല്‍ പോരെയെന്നും കോടതി ചോദിച്ചു. ബിയര്‍ പുറത്തുകൊണ്ടുപോകാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് നവംബറില്‍ റദ്ദാക്കിയിരുന്നു. എക്സൈസ്‍ കമ്മിഷണറായി ഋഷിരാജ് സിങ് ചുമതല ഏറ്റെടുത്തതിനുശേഷം, സംസ്ഥാനത്തെ ബിയര്‍ പാര്‍ലറുകളില്‍നിന്നു പുറത്തേക്കു ബിയര്‍ കൊടുത്തുവിടരുതെന്നു നിര്‍ദേശം നല്‍കിയിരുന്നു. അഥവാ ബിയറുകള്‍ പുറത്തേക്കു കൊടുത്തുവിടണമെങ്കില്‍ പൊട്ടിച്ചതിനുശേഷം മാത്രമേ കൊടുത്തുവിടാവുള്ളന്നും അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. നിലവിലെ ബാര്‍ ലൈസന്‍സ് ചട്ടങ്ങള്‍ അനുസരിച്ചു മദ്യം ഹോട്ടലിനു പുറത്തേക്കു കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ല. എന്നാല്‍ ബിയര്‍ – വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ചട്ടത്തില്‍ ഇത്തരം നിയന്ത്രണങ്ങളില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് ബിയറുകള്‍ വാങ്ങി ഹോട്ടലിനു പുറത്തേക്കു കൊണ്ടുപോകുന്നതിനു തടസ്സമില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു.