ന്യൂഡെല്‍ഹി: ഇലക്‌ട്രിക് പോസ്റ്റ് സ്ഥാപിക്കാനും ലൈന്‍ വലിക്കാനും സ്ഥലമുടമയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി..ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണു സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്.
ഇതുസംബന്ധമായി വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍നിന്നു പലരീതിയിലുള്ള വിധികള്‍ മുന്‍പു പ്രസ്താവിച്ചിരുന്നു. അന്നുടലെടുത്ത തര്‍ക്കങ്ങള്‍ക്കെല്ലാം പുതിയ സൂപ്രീം കോടതി വിധി പരിഹാരമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഛത്തീസ് ഗഡിലെ സിമന്റ് കമ്ബനിയുടമ പവര്‍ ഗ്രിഡ് കോര്‍പറേഷനെതിരെ നല്‍കിയ കേസിലാണു രാജ്യത്തെ അനേകം പേര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്ന വിധി പ്രസ്താവം സുപ്രീംകോടതി നടത്തിയത്. സിമന്റ് കമ്ബനി വാടകയ്ക്കെടുത്ത ചുണ്ണാമ്ബ് ഖനന പാടത്തുകൂടി അനുമതിയില്ലാതെ വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതിനെതിരെയാണ് ഉടമ കോടതിയെ സമീപിച്ചത്. വൈദ്യുതിയുടെയും ടെലിഫോണിന്റെയും പ്രസരണവും അതിനുവേണ്ടി ലൈനുകള്‍ സ്ഥാപിക്കുന്നതും സമൂഹത്തിന്റെ പൊതുവായ ആവശ്യമാണെന്നും ഇത് തടയാന്‍ അനുവദിക്കരുതെന്നും ഇന്ത്യന്‍ ടെലഗ്രാഫ് ആക്‌ട് പ്രകാരം കോടതി അഭിപ്രായപ്പെട്ടു.
സ്ഥലമുടമകളുടെ എതിര്‍പ്പ് മൂലം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അനേകം പേരാണ് ചെറുകിട-വങ്കിട സംരംഭങ്ങള്‍ക്കും കൃഷിക്കും വീട്ടാവശ്യത്തിനുമുള്ള വൈദ്യുതി ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്. ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ഏറെ നടപടിക്രമങ്ങള്‍ ശേഷം അനുമതി ലഭിക്കുകയുള്ളൂ. ഇതാകട്ടെ സാധാണക്കാരന് വലിയ സമയ നഷ്ടമാണ് ഉണ്ടാക്കുന്നത്. രാജ്യത്തെ ഗ്രാമങ്ങളുള്‍പ്പെടെ എല്ലാ പ്രദേശങ്ങളിലേക്കും വൈദ്യുതിയെത്തിക്കുന്നതിനുള്ള പ്രധാന തടസ്സങ്ങളിലൊന്നാണ് സുപ്രീം കോടതിയുടെ ശ്രദ്ധേയമായ ഈ വിധിയിലൂടെ ഇല്ലാതാകുന്നത്.