ന്യൂഡല്‍ഹി: ജാതി, മതം, വംശം എന്നിവയുടെ പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വോട്ടു പിടിക്കരുതെന്നു സുപ്രീം കോടതി. സമുദായത്തിന്റേയോ ഭാഷയുടേയോ പേരിലും പ്രചാരണം പാടില്ല. തിരഞ്ഞെടുപ്പു മതേതരപ്രക്രിയയാണ്. അവിടെ മതത്തിന് ഇടമില്ല. ജനപ്രതിനിധിയുടെ പ്രവര്‍ത്തനങ്ങളും മതേതരമായിരിക്കണമെന്നും സുപ്രീം കോടതി ഏഴംഗ ഭരണഘടനാബെഞ്ച് വിധിച്ചു.
തിരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി മതത്തെ ഉപയോഗപ്പെടുത്തുന്നതു തിരഞ്ഞെടുപ്പു നിയമപ്രകാരം അഴിമതി വിഭാഗത്തില്‍ ഉള്‍പ്പെടുത്താമോ എന്ന കാര്യവും കോടതി പരിശോധിച്ചു. ഹിന്ദുത്വം മതമല്ല, ജീവിത രീതിയാണെന്ന വിധിക്കെതിരായ ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി. 1995ല്‍ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് ഒരു തിരഞ്ഞെടുപ്പുകേസില്‍ ‘ഹിന്ദുത്വം എന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതരീതിയും മാനസികാവസ്ഥയുമാണ്’ എന്നു പറഞ്ഞിരുന്നു. തുടര്‍ന്ന്, ഈ കാര്യം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ 2014 ഫെബ്രുവരിയില്‍ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു.