ദില്ലി: സഹാറ ബിര്‍ള ഡയറി രേഖകളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തുണ്ട് കടലാസുകളെ തെളിവുകളായി കണക്കാനാകില്ലെന്ന് പറഞ്ഞ കോടതി വ്യക്തമായ തെളിവില്ലാതെ അന്വേഷണത്തിന് ഉത്തരവിടുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തെളിവുകൾ കോടതി ഗൗരവത്തോടെ കണ്ടില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.
സഹാറ-ബിര്‍ള കമ്പനികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡയറികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവര്‍ക്കെതിരെ കോടതി നിരീക്ഷണത്തിലുള്ള അന്വേഷണത്തിനായി എസ്.ഐ.ടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 65 കോടി അദ്ദേഹത്തിന് നൽകിയെന്നാണ് സഹാറയുടെയും ബിര്‍ളയുടെയും ഡയറികളിൽ രേഖപ്പെടുത്തിയിരുന്നത്. തുണ്ട് കടലാസുകളെ തെളിവുകളായി കണക്കാക്കി പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പേന, പെൻഡ്രൈവ്, ഹാര്‍ഡ് ഡിസ്ക്, കമ്പ്യൂട്ടര്‍ പ്രിന്‍റൗട്ട് തുടങ്ങിയവ തെളിവായി സ്വീകരിക്കാനാകില്ലെന്ന് ഇൻകംടാക്സ് സെറ്റിൽമെന്‍റ് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അക്കൗണ്ട് ബുക്കിൽ അല്ലാതെ തുണ്ട് കടലാസിൽ എഴുതിവെച്ചത് തെളിവായി കണക്കാക്കാൻ ആകില്ല.
തെളിവുകളെ കുറിച്ച് നേരത്തെ സഹാറ കേസിലും, ജെയിൻ ഹവാല കേസിലും വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആവശ്യത്തിന് തെളിവുകൾ ഇല്ലാതെ ഉന്നത വ്യക്തികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടാൽ അത് തെറ്റായ കീഴ്വഴക്കമാകുമെന്നും ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. നാലുമണിക്കൂറിലധികം സമയമാണ് കേസിൽ സുപ്രീ്ംകോടതി വാദം കേട്ടത്. തുണ്ട് കടലാസ് തെളിവായി സ്വീകരിച്ച അന്വേഷണത്തിന് ഉത്തരവിട്ടാൽ നാളെ രാഷ്ട്രപതിക്കെതിരെ പോലും അന്വേഷണത്തിന് ഉത്തരവിടേണ്ടിവരുമെന്നായിരുന്നു പ്രശാന്ത് ഭൂഷണനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാർ വാദിച്ചത്. കേസ് കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹേര്‍ പിൻമാറിയ സാഹചര്യത്തിൽ ജസ്റ്റിസ് അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവരടങ്ങിയ പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.