ദില്ലി: സിനിമയിലോ ഡോക്യുമെന്‍ററിയിലോ ഉള്‍പ്പെടുത്തിയിട്ടുള്ള ദേശീയ ഗാനത്തിന് എഴുന്നേറ്റു നിൽക്കേണ്ടെന്നു സുപ്രീം കോടതി. അതേസമയം, സിനിമയ്ക്ക് മുന്‍പ് ദേശീയഗാനം കേൾക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നിൽക്കണം. ജസ്റ്റീസുമാരായ ദീപക് മിശ്രയും അമിത് ഘോഷും അടങ്ങിയ ബഞ്ചിന്‍റേതാണ് വിധി. തീയറ്ററിൽ സിനിമയ്ക്കു മുന്പു ദേശീയ ഗാനം കേൾപ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റു നിൽക്കണമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ പുതിയ നിർദേശം. നേരത്തെ, ദേശീയഗാനം നിർബന്ധമാക്കിയ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദങ്ങൾ രാജ്യത്ത് ഉയർന്നിരുന്നു. ഇതിനിടെ, തീയേറ്ററിൽ ദേശീയഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാത്തവർക്കെതിരേ പോലീസ് കേസെടുക്കാൻ തുടങ്ങിയതോടെ സംഭവം വിവാദമായി. തിരുവനന്തപുരത്തു ചലച്ചിത്രമേളയിൽ ദേശീയ ഗാന സമയത്ത് തീയേറ്ററിൽ എഴുന്നേറ്റു നിൽക്കാതിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തത് വലിയ തർക്കങ്ങൾക്കും കാരണമായി. അടുത്തിടെ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം ദംഗലിൽ ദേശീയഗാനം വരുന്ന രംഗമുണ്ടായിരുന്നു. ഈ രംഗം കണ്ടു എഴുന്നേൽക്കാതിരുന്നവരെ മർദ്ദിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.