നിഷ്കളങ്കരായ ആളുകളെ കൊലപ്പെടുത്തുന്നവര്‍ സ്വന്തം കുടുംബത്തെ മറക്കുന്നതാണു നല്ലതെന്നു സുപ്രീം കോടതി

189

ന്യൂഡല്‍ഹി: നിഷ്കളങ്കരായ ആളുകളെ നിഷ്കരുണം കൊലപ്പെടുത്തുന്നവര്‍ സ്വന്തം കുടുംബത്തെ മറക്കുന്നതാണു നല്ലതെന്നു സുപ്രീം കോടതി. ജമ്മു കശ്മീര്‍ ഇസ്ലാമിക് ഫ്രണ്ട് ഭീകരന്‍ മുഹമ്മദ് നൗഷാദ് തന്റെ മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്. നിഷ്കളങ്കരായ മനുഷ്യരെ ഭീകരാക്രമണങ്ങളിലൂടെ നിങ്ങള്‍ വധിച്ചിട്ടുണ്ടെങ്കില്‍ കുടുംബത്തിന്റെ പേരില്‍ കരുണയ്ക്കായി യാചിക്കാനുള്ള അവകാശം നിങ്ങള്‍ക്കില്ലായെന്നും കൂടാതെ ഇത്തരം കേസുകളില്‍ നിങ്ങള്‍ കുറ്റക്കാരാണെന്നു തെളിയുന്നതോടെ, കുടുംബവുമായും കുടുംബാംഗങ്ങളുമായുള്ള ബന്ധം അവസാനിച്ചുവെന്നും സുപ്രീം കോടതി പറഞ്ഞു.
എനിക്ക് മകനുണ്ട്, മകളുണ്ട്, മക്കളുണ്ട് എന്ന് നിങ്ങള്‍ക്കു പറയാനാകില്ല, ജാമ്യത്തിനായി വാദിക്കാനുമാകില്ല. കീഴ്ക്കോടതി വിധിയെ മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യാനും കുറ്റവിമുക്തരാക്കാന്‍ വാദിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങവുടെ വാദം കേട്ട് ഞങ്ങള്‍ വിധി പറയും. ഒരാളെ കുറ്റക്കാരനെന്നു കണ്ടെത്തിയ കീഴ്ക്കോടതി വിധി മേല്‍ക്കോടതി ശരിവച്ചാല്‍, നിങ്ങള്‍ക്ക് ഇടക്കാല ജാമ്യത്തിനായി വാദിക്കാനാകില്ല. നിഷ്കളങ്കളരായ ആളുകളെ നിങ്ങള്‍ കൊലപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ജാമ്യമേ ഇല്ലയെന്നും സുപ്രീം കോടതി വ്യക്തമാക്കി. 1996 മേയ് 21നു ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ നടന്ന സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ ആദ്യം മുഹമ്മദ് നൗഷാദിനു വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് അതു ജീവപര്യന്തം തടവാക്കി.

NO COMMENTS

LEAVE A REPLY