സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ക്കായി ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

192

ദില്ലി: സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ക്കായി ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ ആധാര്‍ പൂര്‍ണ്ണമായും റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ആധാറിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ വഴി ആനുകൂല്യം കിട്ടുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കേഹാര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്. എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നത് പോലുള്ള കാര്യങ്ങള്‍ക്ക് ആധാര്‍ തുടരാം. സര്‍ക്കാരില്‍ നിന്നും ആനുകൂല്യം കിട്ടാത്ത ആദായ നികുതി പോലുള്ള മേഖലകളിലേക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ തടസമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. കേസ് സുപ്രീംകോടതിയുടെ ഏഴംഗ ബഞ്ചിലേക്ക് മാറ്റിയെങ്കിലും വേഗം തീര്‍ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. സര്‍ക്കാരിന്റെ 36 സേവനങ്ങള്‍ക്ക് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാണ്. പാചകവാതക സബ്‌സിഡിക്കും സ്‌കോളര്‍ഷിപ്പുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്. ഇതിലാണ് ഇളവ് നല്‍കിയത്. എന്നാല്‍ പാന്‍ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിയുമായി കേന്ദ്രത്തിന് മുന്നോട്ട് പോകാം.

NO COMMENTS

LEAVE A REPLY