ന്യൂഡല്‍ഹി : സിനിമ തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കാത്തവര്ക്ക് ഇനി തടവ് ശിക്ഷയും ലഭിച്ചേക്കും. ദേശീയ ഗാനത്തോട് അനാദരവ് കാണിക്കുന്നവര്‍ക്ക് തടവ് ശിക്ഷ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി. ദേശീയ ഗാനത്തോട് അനാദരവ് കാണിക്കുന്നവര്‍ക്ക് തടവ് ശിക്ഷ ഏര്‍പ്പെടുത്തുന്നതിനായി നിയമ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇക്കാര്യം പരിഗണിക്കാമെന്ന് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിലവില്‍ ഭരണഘടനയോടും, ദേശീയ പതാകയോടും അനാദരവ് കാണിക്കുന്നവര്‍ക്കാണ് നിയമം മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ നിഷ്കർഷിക്കുന്നത്. എന്നാല്‍ നിയമത്തില്‍ ഭേദഗതി വരുത്തി ദേശീയ ഗാനത്തോട് അനാദരവ് കാണിക്കുന്നവര്‍ക്കും തടവ് ശിക്ഷ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്നാണ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ആഗസ്റ്റ് 23ന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. തീയറ്ററുകളില്‍ സിനിമയ്ക്ക് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി വിധിയിലേക്ക് നയിച്ച ഹര്‍ജി നല്കിയ നാരായണ്‍ ചൗസ്കിയാണ് തടവ് ശിക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.