ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള താജ് മാന്‍സിംഗ് ഹോട്ടല്‍ ലേലം ചെയ്യാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. 33 വര്‍ഷത്തെ പാട്ടക്കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ലേലം കൂടാതെ കെട്ടിടവും സ്ഥലവും ടാറ്റക്ക് തന്നെ പുതുക്കി നല്‍കണമെന്ന ആവശ്യം തള്ളിയാണ് കോടതിയുടെ സുപ്രധാന വിധി. 2011ലാണ് ഹോട്ടല്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ പാട്ടക്കാലാവധി അവസാനിച്ചത്. ഇതിന് ശേഷം ഡല്‍ഹി മുന്‍സിപ്പാലിറ്റി ഒന്‍പത് തവണ ടാറ്റക്ക് കാലാവധി നീട്ടിനല്‍കുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം താജ് ഹോട്ടല്‍ വീണ്ടും ലേലം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് ടാറ്റ വെട്ടിലായത്. ലേലം ചെയ്യാതെ തങ്ങള്‍ക്ക് തന്നെ വീണ്ടും പാട്ടം പുതുക്കി നല്‍കണമെന്ന് ടാറ്റ ആവശ്യപ്പെട്ടുവെങ്കിലും അധികൃതര്‍ ഇത് തള്ളി. തുടര്‍ന്ന് ടാറ്റയുടെ ആവശ്യത്തിന് എതിരെ കോടതിയെ സമീപിക്കുകയും ചെയ്തു.