ന്യൂഡൽഹി: ബംഗാൾ ഹൈക്കോടതി ജഡ്ജി സി എസ് കർണന് വൈദ്യപരിശോധന നടത്തണമെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ചിന്‍റേതാണ് നിർണായക ഉത്തരവ്. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ തലവനായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയതുൾപ്പെടെ വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച ജസ്റ്റിസാണ് സി എസ് കര്‍ണ്ണന്‍. കർണനെ പരിശോധിക്കാൻ കൊൽക്കത്തയിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ബംഗാൾ ഡിജിപിയും സംസ്ഥാന സർക്കാരും ഇതിനായി സൗകര്യമൊരുക്കണമെന്നും മെഡിക്കൽ പരിശോധനാ ഫലം മേയ് എട്ടിന് കോടതിയിൽ സമർപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 2017 ഫെബ്രുവരി എട്ടിനു ശേഷം ജസ്റ്റിസ് കർണൻ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളൊന്നും പരിഗണിക്കേണ്ടെന്ന് കോടതികൾക്കും മറ്റും സുപ്രീം കോടതി നിർദ്ദേശവും നൽകി.