ന്യൂഡല്‍ഹി : മുത്തലാഖിനെ വധശിക്ഷയോട് ഉപമിച്ച് സുപ്രീംകോടതി . മുത്തലാഖില്‍ ഉഭയകക്ഷി സമ്മതമില്ല, മുത്തലാഖ് എതിര്‍ക്കേണ്ട വിഷയമെങ്കിലും വ്യക്തിനിയമ പ്രകാരം നിലനില്‍ക്കുന്നു. നിരോധിക്കുകയാണെങ്കില്‍ പ്രത്യാഘാതം അപ്പോള്‍ പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ പറഞ്ഞു. മുത്തലാഖിലൂടെ വിവാഹബന്ധം വേര്‍പെടുത്തിയ അഞ്ചു സ്ത്രീകള്‍ വെവ്വേറെ നല്‍കിയ ഹര്‍ജികളിന്‍മേല്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമ്ബോഴാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. അതേസമയം, മുത്തലാഖ് പാപമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അമിക്കസ് ക്യൂറിയായ സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി. മുത്തലാഖ് ഇന്ത്യന്‍ മുസ്ലീം സമുദായത്തില്‍ മാത്രമേയുള്ളൂവെന്നും അമിക്കസ് ക്യൂറി അറിയിച്ചു.
15 വര്‍ഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ വേര്‍പെടുത്തിയ ഷൈറാ ബാനു, 2016ല്‍ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീന്‍ റഹ്മാന്‍, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പര്‍വീണ്‍, ദുബായില്‍ ഇരുന്നു ഫോണിലൂടെ ഭര്‍ത്താവ് മൊഴിചൊല്ലിയ ഇഷ്റത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചെല്ലപ്പെട്ട അതിയാ സാബ്റി എന്നിവരാണു മുത്തലാഖ് വിഷയത്തില്‍ നീതി തേടി കോടതിയെ സമീപിച്ചത്. മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല (ചടങ്ങുകല്യാണം) എന്നിവ നിരോധിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.