സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല: സുപ്രീം കോടതി

244

ന്യൂഡല്‍ഹി • സര്‍ക്കാരിനെ വിമര്‍ശിക്കുന്നതു രാജ്യദ്രോഹമോ അപകീര്‍ത്തിപരമോ ആകില്ലെന്ന് സുപ്രീം കോടതി. രാജ്യദ്രോഹ നിയമം വിവേചനമില്ലാതെ ഉപയോഗിക്കുന്നതിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണു സുപ്രീം കോടതിയുടെ നിരീക്ഷണം. ‘ആരെങ്കിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രസ്താവന പുറപ്പെടുവിച്ചാല്‍ അതു രാജ്യദ്രോഹത്തിന്റെ പട്ടികയില്‍ വരില്ല.രാജ്യദ്രോഹത്തിനു കേസെടുക്കാനുള്ള ഇന്ത്യന്‍ നീതിന്യായ നിയമത്തിലെ 124 (എ) പ്രയോഗിക്കുന്നതിനു മുന്‍പു സുപ്രീം കോടതി നേരത്തേ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്’- ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ രാജ്യദ്രോഹ നിയമം ഉപയോഗിക്കുന്നു എന്ന് ആരോപിച്ച്‌ കോമണ്‍ കോസ് എന്ന സംഘടനയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ആണ് സുപ്രീം കോടതിയിലെത്തിയത്.
കൂടംകുളം ആണവ നിലയത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയും കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിക്കെതിരെയും കേസെടുത്തത് പ്രശാന്ത് ഭൂഷണന്‍ ചൂണ്ടിക്കാട്ടി. നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതിന്റെ പകര്‍പ്പ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും അയച്ചുകൊടുക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരിക്കേണ്ടതില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. കേദാര്‍നാഥ് സിങ്ങും ബിഹാര്‍ സര്‍ക്കാരും തമ്മില്‍ ഉണ്ടായ കേസില്‍ 1962ല്‍ തന്നെ അഞ്ചംഗ ബെഞ്ച് ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരവ് നല്‍കിയതാണ്.
ഏതെങ്കിലും പ്രത്യേക കേസുകളില്‍ ദുരുപയോഗം നടന്നാല്‍ അക്കാര്യത്തില്‍ കോടതിയെ സമീപിക്കാവുന്നതാണ്. കേസെടുക്കുന്ന പൊലീസുകാര്‍ക്ക് ഇതേപ്പറ്റി ധാരണയില്ലെന്നു പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. അപ്പോള്‍ ‘പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ ഇക്കാര്യം അറിയണമെന്നില്ല. എന്നാല്‍ മജിസ്ട്രേട്ടുമാര്‍ ഇക്കാര്യം മനസിലാക്കുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനു മുന്‍പു സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം പാലിക്കുകയും ചെയ്താല്‍ മതി’ എന്നു കോടതി അഭിപ്രായപ്പെട്ടു.
രാജ്യത്ത് ബുദ്ധിജീവികള്‍, സാമൂഹികപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുന്നതു വര്‍ധിച്ചതായി പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചതിന് ആംനസ്റ്റി ഇന്ത്യയ്ക്കെതിരെ പോലും കേസെടുത്തു. സമാനമായ സംഭവങ്ങള്‍ സംഘടന ചൂണ്ടിക്കാട്ടി. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഭീതി പരത്തുകയാണു കേസെടുക്കുന്നതിന്റെ ലക്ഷ്യം. അരുന്ധതി റോയ്, ബിനായക് സെന്‍, എസ്.എ.ആര്‍. ഗീലാനി, കനയ്യകുമാര്‍ തുടങ്ങിയവരെ ഈ നിയമം ഉപയോഗിച്ചു കേസില്‍ കുടുക്കിയതായി സംഘടന ആരോപിച്ചു.

NO COMMENTS

LEAVE A REPLY