ന്യൂഡല്‍ഹി • മദ്യത്തിനും മറ്റു ലഹരി പാനീയങ്ങള്‍ക്കും രാജ്യത്താകെ നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. മനുഷ്യജീവന്‍ സംരക്ഷിക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും സര്‍ക്കാരിനു ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ടെന്ന് ഹര്‍ജിക്കാരന്‍ അശ്വനി കുമാര്‍ വ്യക്തമാക്കി. ഹര്‍ജി കോടതി ഈ മാസം 30നു പരിഗണിക്കും. ഗുജറാത്ത്, ബിഹാര്‍ തുടങ്ങിയവ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആ സംസ്ഥാനങ്ങളിലെ കുറ്റകൃത്യ നിരക്കു കുറയ്ക്കാന്‍ ഇതു സഹായിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.മദ്യവില്‍പന നിയന്ത്രിക്കാനുള്ള നടപടികള്‍ സുപ്രീം കോടതി നേരത്തേ ശരിവച്ചിട്ടുള്ളതാണ്.
മദ്യവില്‍പന തടയുന്നതിനെ മൗലികാവകാശ ലംഘനമായി കണക്കാക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലഹരി പദാര്‍ഥങ്ങളുടെ ദോഷവശങ്ങള്‍ സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും പൊതുജന ബോധവല്‍ക്കരണത്തിനായി എല്ലാ മാസവും ആരോഗ്യദിനം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.