സുരേഷ് ഗോപി രാജ്യസഭാ മെന്പറായി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞു. ബി.ജെ.പി. ഗവണ്‍മെന്‍റ് കലാസാഹിത്യ സിനിമാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗത്ഭമതികള്‍ക്കു നല്‍കുന്ന ബഹുമതിയാണ് രാജ്യസഭാ മെന്പര്‍ സ്ഥാനം. അത് ആദ്യമായി മലയാളസിനിമയ്ക്കു ലഭിച്ചിരിക്കുന്നത് സുരേഷ്ഗോപിയിലൂടെ.
ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ടം’ എന്ന സിനിമയിലെ അഭിനയത്തിന് സുരേഷ്ഗോപിക്ക് ഏറ്റവും നല്ല നടനുള്ള ദേശീയ -സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു.സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ്ഗോപി ഒരു ജനകീയ സാംസ്കാരിക പ്രവര്‍ത്തകനായി, പ്രശസ്ത നേതാക്കളോടൊപ്പം വേദികള്‍ പങ്കിട്ടു. നാടിന്‍റെ ചലനങ്ങളില്‍ ശ്രദ്ധാലുവായി.
അത്തരം പ്രവര്‍ത്തനങ്ങളിലൂടെ അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നു തെളിയിച്ചു. വി.എസ്. അച്ചുതാനന്ദന്‍, കെ. കരുണാകരന്‍, നരേന്ദ്രമോദി എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയം നരേന്ദ്രമോദിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായി. അന്ന് നരേന്ദ്രമോദി സുരേഷ്ഗോപിയെ ബി.ജെ.പി.യിലേക്ക് ക്ഷണിച്ചു. ഉന്നതമായ സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, അന്ന് വാഗ്ദാനങ്ങളില്‍ ആകൃഷ്ടനാകാതെ നരേന്ദ്രമോദിക്ക് പിന്തുണ കൊടുത്തു. വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി പ്രധാനമന്ത്രിയായി. അപ്പോഴും ഉയര്‍ന്ന സ്ഥാനത്തിന് സുരേഷ്ഗോപി അര്‍ഹനായിരുന്നു. അത് വ്യംഗ്യന്തരേണ മോദിജിയില്‍ നിന്നും കേട്ടു. ‘എല്ലാറ്റിനും ഒരു സമയമുണ്ട്’ എന്ന് പറഞ്ഞതുപോലെ പിന്നീട് സുരേഷ് ഗോപിയുടെ ഊഴം വന്നു. ‘ദേശീയ ഫിലിം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം.’
സഹമന്ത്രിക്കു നല്‍കുന്ന എല്ലാവിധ അധികാരങ്ങളും സൗകര്യങ്ങളും ആ പദവിക്കുണ്ട്. അതില്‍ സുരേഷ്ഗോപി സന്തോഷവാനായിരുന്നു. ആദ്യമായി ഒരു മലയാളി ദേശീയ ഫിലിം ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ചെയര്‍മാനാകുന്നതില്‍ സുരേഷ്ഗോപിയെ സ്നേഹിക്കുന്നവരും ഇഷ്ടപ്പെടുന്നവരും ഏറെ സന്തോഷിച്ചു. എന്നാല്‍, സുരേഷ്ഗോപിയെ ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വരും മുന്പ് ഏതാനും പേര്‍ ചേര്‍ന്ന് തിരുവനന്തപുരത്ത് സ്വീകരണം സംഘടിപ്പിച്ചു. അവരുടെ സ്നേഹത്തിനു മുന്നില്‍ സുരേഷ്ഗോപി എല്ലാറ്റിനും നിന്നുകൊടുത്തു. എന്നാല്‍ അതില്‍ ഒരു ചതി പതുങ്ങിയിരിക്കുന്നുണ്ടായിരുന്നു എന്ന് സുരേഷ്ഗോപി അറിഞ്ഞിരുന്നില്ല.
സുരേഷ്ഗോപിക്കെതിരെ സിനിമാരംഗത്തുനിന്നും, ബി.ജെ.പി.യില്‍നിന്നും, മറ്റ് അസൂയാലുക്കളില്‍നിന്നും തുരുതുരാ വിമര്‍ശന ശരങ്ങള്‍ കേന്ദ്രത്തിലേക്ക് പ്രവഹിച്ചു. അതുകൊണ്ട് സുരേഷ്ഗോപിയുടെ നിയമനം നീട്ടിക്കൊണ്ടു പോയി. അതിന്‍റെ പേരില്‍ ഒളിഞ്ഞും തെളിഞ്ഞും പല കേന്ദ്രങ്ങളില്‍നിന്നും കുറ്റപ്പെടുത്തിയവര്‍ നിരവധിയായിരുന്നു.
ചില സമയം കുട്ടികളുടെ മനസ്സുള്ള സുരേഷ്ഗോപിയുടെ മനസ്സ് വേദനിച്ചു. എന്നിട്ടും നരേന്ദ്രമോദിജിയിലുള്ള വിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചില്ല. ആരൊക്കെ എതിര്‍ത്താലും കേന്ദ്രത്തില്‍ സുരേഷ്ഗോപിക്ക് ഒരു കസേര നീക്കിയിട്ടിരുന്നു. ദേശീയ ഫിലിം ഡവലപ്മെന്‍റ് ചെയര്‍മാന്‍ സ്ഥാനത്തിനു തുരങ്കം വച്ചതുപോലെ ഇനി സംഭവിക്കാന്‍ പാടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്ന പ്രകാരം സംഭവിച്ചിരിക്കുന്നു. ഇനി കിരീടധാരണമാണ് നടക്കേണ്ടത്. അതും വേണ്ട സമയത്ത് നടക്കും. പരിസ്ഥിതി സംരക്ഷണത്തിലും ആദിവാസികളുടെ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന സുരേഷ് ഗോപിക്ക് അതുമായി ബന്ധപ്പെട്ട ചുമതലകളാകും കേന്ദ്രം നല്‍കുകയെന്നതാണ് അറിയാന്‍ കഴിഞ്ഞത്.