തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രം നിര്‍ബന്ധിക്കുകയാണെങ്കില്‍ താന്‍ മത്സരിക്കുമെന്ന് നടന്‍ സുരേഷ് ഗോപി. സിനിമക്ക് ഡേറ്ര് കൊടുത്തത് കൊണ്ട് മത്സരിക്കില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ നിലപാട്. എന്നാല്‍ കൊല്ലം സീറ്റിലേക്ക് മത്സരിക്കുവാന്‍ സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിലവില്‍ ബി.ജെ.പിയുടെ രാജ്യസഭാംഗമാണ് സുരേഷ് ഗോപി.
ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ പൂര്‍ണമായിട്ടില്ല. എന്നാല്‍ പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനോ പി.എസ് ശ്രീധരന്‍ പിള്ളയോ ആണ് മത്സരിക്കാന്‍ സാദ്ധ്യത.എന്നാല്‍ ടോം വടക്കന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കാര്യങ്ങള്‍ പുറത്ത് വന്നിട്ടില്ല. ടോം വടക്കന്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ബി.ജെ.പി കേന്ദ്രനേതൃത്വമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും വ്യക്തമാക്കിയിരുന്നു.
കോഴിക്കോട്, ചാലക്കുടി, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ ആരൊക്കയാണ് സ്ഥാനാര്‍ത്ഥികളാകേണ്ടത് എന്ന കാര്യത്തില്‍ ബി.ജെ.പിയില്‍ അന്തിമ തീരുമാനമായിട്ടില്ല.