തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാദ്ധ്യത ഏറിയതായി സൂചന. സംസ്ഥാനത്ത് ബി.ജെ.പി ഏറ്രവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും നായര്‍ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാവും വിജയ സാദ്ധ്യത എന്ന വിലയിരുത്തിയാണ് രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് നിറുത്താന്‍ പാര്‍ട്ടി ആലോചിക്കുന്നത്.
പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയെ രംഗത്തിറക്കുമെന്നും സൂചനയുണ്ട്. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് നിറുത്തണമെന്നായിരുന്നു ആര്.എസ്.എസിന്റെ താത്പര്യം. എന്നാല്‍, ഗവര്‍ണറെ രാജിവയ്പിക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ അംഗീകാരം വേണം. മാസങ്ങള്‍ക്ക് മുമ്ബ് മാത്രം ഗവര്‍ണറാക്കിയ ആളെ തിരിച്ചുവിളിക്കാന്‍ നേതൃത്വം സമ്മതിക്കുമെന്ന് ഉറപ്പില്ല. തുടര്‍ന്നാണ് സുരേഷ് ഗോപിയിലേക്ക് ആലോചന എത്തിയതത്രേ.
സാമുദായിക സമവാക്യങ്ങള്‍ കൂടി വിലയിരുത്തി ശോഭാ സുരന്ദ്രനെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്. പത്തനംതിട്ടയില്‍ കെ.പി.ശശികലയുടെ പേര് ഉയര്‍ന്നെങ്കിലും അവരുടെ സേവനം ഹിന്ദുഐക്യവേദിക്ക് തന്നെ വേണമെന്നാണ് ആര്.എസ്.എസ് നിലപാട്. തുടര്‍ന്നാണ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും പാര്‍ട്ടി കേന്ദ്രനേതൃത്വം അതിന് വഴങ്ങിയില്ലെന്നും സൂചനയുണ്ട്.