തൃശൂര്‍: ജാതിയുടേയും മതത്തിന്റെയും പേരില്‍ വോട്ട് പിടിക്കരുത് എന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാഷ്ട്രീയ പാര്‍ട്ടികളോട് വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയ്യപ്പന്റെ പേരില്‍ സുരേഷ് ഗോപി വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു.
പിന്നാലെ തൃശൂര്‍ കളക്ടറും വരണാധികാരിയുമായി ടിവി അനുപമ സുരേഷ് ഗോപിക്ക് മുട്ടന്‍ പണി കൊടുത്തിരിക്കുകയാണ്. അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചതിനാണ് സുരേഷ് ഗോപിക്ക് പണി കിട്ടിയിരിക്കുന്നത്. മുഖം നോക്കാതെ നടപടിയെടുക്കുന്നതില്‍ നേരത്തെ തന്നെ പ്രശംസ നേടിയിട്ടുളള ഐഎഎസ് ഉദ്യോഗസ്ഥയാണ് കളക്ടര്‍ ടിവി അനുപമ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കളക്ടര്‍ വിശദീകരണം തേടി നോട്ടീസ് അയച്ചിരിക്കുകയാണ്.
തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതില്‍ പിന്നെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി വിവാദങ്ങളിലാണ്. 15 ലക്ഷം രൂപ മോദി അണ്ണാക്കിലേക്ക് തളളിത്തരും എന്ന് കരുതിയോ എന്ന നടന്റെ പ്രസംഗവും വലിയ വിവാദമുണ്ടാക്കിയിരുന്നു.
സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ: ” ശബരിമലയുടെ പശ്ചാത്തലത്തിലാണ് ഞാനീ വോട്ടിന് വേണ്ടി അപേക്ഷിച്ച് കൊണ്ടിരിക്കുന്നത്. എന്റെ അയ്യപ്പന്‍, എന്റെ അയ്യന്‍, നമ്മുടെ അയ്യന്‍.. ആ അയ്യന്‍ ഒരു വികാരമാണെങ്കില്‍ ഈ കിരാത സര്‍ക്കാരിനുളള മറുപടി ഈ കേരളത്തില്‍ മാത്രമല്ല, ഭാരതത്തില്‍ മുഴുവന്‍ അയ്യന്റെ വികാരം അലയടിക്കും”
അത് കണ്ട് ആരെയും കൂട്ട് പിടിക്കേണ്ട. ഒരു യന്ത്രങ്ങളേയും കൂട്ട് പിടിക്കേണ്ട. മുട്ടു മടങ്ങി വീഴാന്‍ നിങ്ങള്‍ക്ക് മുട്ടുണ്ടാകില്ല” ്‌എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കരുത് എന്നുളള നിര്‍ദേശത്തിന്റെ ലംഘനമാണ് പ്രസംഗമെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രസംഗം വിശദമായി പരിശോധിച്ച ശേഷമാണ് സുരേഷ് ഗോപിക്ക് കളക്ടര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുന്നതായി നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. 48 മണിക്കൂറിനകം സ്ഥാനാര്‍ത്ഥി വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ശനിയാഴ്ച സ്വരാജ് റൗണ്ടില്‍ സുരേഷ് ഗോപിയുടെ റോഡ് ഷോ നടന്നിരുന്നു. അതിന് പിന്നാലെ തേക്കിന്‍കാട് മൈതാനിയില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ശബരിമല ചൂണ്ടിക്കാട്ടി സുരേഷ് ഗോപി വോട്ട് തേടിയത്.
സുരേഷ് ഗോപി നല്‍കുന്ന വിശദീകരണം തൃപ്തികരമാണോ എന്ന് കളക്ടര്‍ പരിശോധിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കുക എന്നതടക്കമുളള തുടര്‍ നടപടികളിലേക്ക് വരണാധികാരി കൂടിയായ കളക്ടര്‍ക്ക് കടക്കാവുന്നതാണ്. അതേസമയം വിവാദ പ്രസംഗത്തിന്റെ അവസാനം ശബരിമലയുടെ പേരില്‍ ഞാന്‍ വോട്ട് ചോദിക്കുന്നില്ല എന്ന് സുരേഷ് ഗോപി പറഞ്ഞതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഇത് കാണിച്ചാവും സുരേഷ് ഗോപി വിശദീകരണം നല്‍കുക. സംഭവത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം പുറത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി ആലോചിച്ച് മറുപടി നല്‍കും. ഇഷ്ട ദേവത്തിന്റെ പേര് പറയാന്‍ സാധിക്കാത്തത് ഭക്തന്റെ ഗതികേടാണ്. ഇത് എന്ത് ജനാധിപത്യമാണെന്ന് ചോദിച്ച സുരേഷ് ഗോപി ഇതിന് ജനം മറുപടി നല്‍കുമെന്നും പറഞ്ഞു.
അയ്യന്‍ എന്ന പദത്തിന്റെ അര്‍ത്ഥം എന്താണ് പരിശോധിക്കൂ. താനൊരിക്കലും വിശ്വാസത്തിന്റെ പേരില്‍ വോട്ട് തേടിയിട്ടില്ല. പ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം ടിവി അനുപമയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്നാരോപിച്ച് ബിജെപി രംഗത്ത് വന്നിട്ടുണ്ട്.
കളക്ടറുടെ നടപടി വിവരക്കേടാണ് എന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷണന്റെ പ്രതികരണം. ടിവി അനുപമയുടെ നടപടി സര്‍ക്കാരിന്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനോ ഉളള വെമ്ബലാണ്. വനിതാ മതിലില്‍ പങ്കെടുത്ത കളക്ടറാണ് അനുപമ. അയ്യപ്പന്റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യവും ഉന്നയിക്കാതെയാണ് സുരേഷ് ഗോപിയുടെ പ്രസംഗമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് ചര്‍ച്ചയാക്കി തന്നെ ബിജെപി വോട്ട് ചോദിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ത്താലും ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ച കളക്ടറുടെ നടപടിയെ അപലപിക്കുന്നുവെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു