തൃശൂരിൽ സുരേഷ് ഗോപി ബിജെപി സ്ഥാനാർഥിയാകും.

332

ന്യൂഡൽഹി: തൃശൂരിൽ ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ബിജെപി സ്ഥാനാർഥിയാകും. ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുമായി കേന്ദ്ര നേതൃത്വം ടെലിഫോണിൽ ആശയവിനിമയം നടത്തി. അദ്ദേഹം സമ്മതം അറിയിച്ചതായാണ് റിപ്പോർട്ട്.

സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുവരുന്നുണ്ട്. ഇക്കാര്യം അദ്ദേഹം നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയാകാൻ തയ്യാറാണെന്ന് നേതാക്കളെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടനടി തീരുമാനം ഉണ്ടാകും. ഇന്നോ നാളെയോ അമിത് ഷാ പ്രഖ്യാപനം നടത്തും. സുരേഷ് ഗോപി തൃശ്ശൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ചയാണ് നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി.

ബിഡിജെഎസ്സിനായിരുന്നു തൃശൂർ സീറ്റ് ബിജെപി നൽകിയത്. എന്നാൽ അവിടെ മത്സരിക്കാൻ തയ്യാറെടുത്ത തുഷാർ വെള്ളാപ്പള്ളി രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായതോടെ അവിടേക്ക് മാറി. അതോടെയാണ് ബിഡിജെഎസ്സിൽ നിന്ന് ബിജെപി തൃശൂർ സീറ്റ് എറ്റെടുത്തത്.

സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് എന്നിവരിൽ ഒരാൾ സ്ഥാനാർഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പാർട്ടി ദേശീയ നേതൃത്വം സുരേഷ് ഗോപിയെ തന്നെ പരിഗണിക്കുകയായിരുന്നു. അടിയന്തരമായി ഡൽഹിയിലെത്താൻ സുരേഷ് ഗോപിക്ക് കേന്ദ്രനേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാൽ സംസ്ഥാന നേതാക്കൾ പലരും മത്സരിക്കാൻ ആഗ്രഹിച്ച സീറ്റ് കൂടിയാണ് തൃശൂർ. ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയ സീറ്റ് കൂടിയാണ് തൃശൂർ. സുരേഷ് ഗോപിയെ പരിഗണിച്ചതിൽ സാമുദായിക സമവാക്യങ്ങളും ഘടകമായതായാണ് വിവരം.

NO COMMENTS